ചാലക്കുടി: ദേശാടന കിളികളാൽ മഴവിൽ അഴകിലാണ് ചേനത്തുനാട്. പുഴത്തീരത്തെ സന്ധ്യാ വേളകൾ ഇവ കൈയ്യടക്കുമ്പോൾ നാട്ടുകാർക്ക് ലഭിക്കുന്നത് വേറിട്ട ദൃശ്യവിരുന്ന്. ഓസ്‌ട്രേലിയയിൽ കാണുന്ന സീഗൾ വിഭാഗത്തിലെ പക്ഷികളാണ് ചേനത്തുനാട്ടിലെ അതിഥികൾ. കൂട്ടത്തോടെ എത്തുന്ന വിദേശികളുടെ വിശ്രമം തൊട്ടടുത്ത ഇലക്ട്രിക്ക് കമ്പികളിലാണ്.
മണിക്കൂറുകളോളം ഇവയുടെ ചേഷ്ടകളാൽ പുഴയോരം മനോഹരമാകും. ഇരുൾ പരക്കുന്നതോടെ തിരിച്ചു പറക്കലിന്റെ തിടുക്കമാണ് പിന്നീട്. കാഴ്ച വിരുന്നൊരുക്കുന്നുണ്ടെങ്കിലും വിവിധ രോഗങ്ങളുടെ വാഹകരെന്ന ഭയപ്പാടുമുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ ഇവ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.