trissur

തൃശൂ‌ർ: ജില്ലയിൽ തിരഞ്ഞെടുപ്പ് കാറ്റ് ശക്തി പ്രാപിക്കുമ്പോൾ പ്രതീക്ഷകളുടെ തീരത്ത് മുന്നണികൾ. മികച്ച നേട്ടം കൈവരിക്കാൻ അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ഇതിനിടെ മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ച് സ്വതന്ത്രൻമാരും വിമതൻമാരും മത്സര രംഗത്ത് ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ അപരൻമാരുടെ ശല്യവും ചിലയിടങ്ങളിൽ ഭീഷണി ഉയർത്തുന്നു.ഏറ്റവും കൂടുതൽ വാശിയേറിയ പോരാട്ടം നടക്കുന്നത് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ തന്നെയാണ്. സ്ഥാനാർത്ഥികൾ രാവിലെ മുതൽ തന്നെ എല്ലാ ദിവസവും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫിനു ആയിരുന്നു മേൽക്കൈ. എന്നാൽ, ഇത്തവണ മത്സരം ഏറെ കടുപ്പം ആണ്. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണ രംഗത്ത് ഒപ്പത്തിന് ഒപ്പമാണ്. ബ്ലോക്ക്‌ പഞ്ചായത്തുകളിലും നഗരസഭകളിലും പോരാട്ടവീര്യത്തിന് കുറവില്ല. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 7 നഗരസഭകളിൽ 6ഉം എൽ.ഡി.എഫ് ആണ് നേടിയിരുന്നത്. പ്രചാരണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ യു.ഡി.എഫും എൻ.ഡി.എയും അഖിലേന്ത്യാ നേതാക്കളെ വരെ രംഗത്ത് ഇറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാൽ എൽ.ഡി.എഫ് പരമാവധി ജില്ലാ നേതാക്കളെയും ഏതാനും സെക്രട്ടറിയേറ്റ് അംഗങ്ങളെയും ഇറക്കുന്നു.

കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പോരാട്ടം ശക്തം

ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന കോർപ്പറേഷനിൽ പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. ഭൂരിഭാഗം ഡിവിഷനുകളിലും ത്രികോണ മത്സരം ആണ് നടക്കുന്നത്. എൽ.ഡി.എഫ് കോർപ്പറേഷനിൽ നടത്തിയ വികസന പ്രവർത്തനം ചുണ്ടിക്കാട്ടിയാണ് വോട്ടർമാരെ കാണുന്നത്. എന്നാൽ, അടിസ്ഥാനപരമായ വികസനം ഒരിടത്തും നടന്നിട്ടില്ലെങ്കിലും അഴിമതിക്ക് കുറവുണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ മുന്നണികളും ആരോപിക്കുന്നു. ജില്ലാ പഞ്ചായത്തിലും ശക്തമായ മത്സരം ആണ് ഉള്ളത്.