local-body-election

തൃശൂർ: അടച്ചിരിപ്പിന്റെ നാളുകൾ പൂരങ്ങളുടെ നാട്ടിലെ ഉത്സവപ്പറമ്പുകളെ വിജനമായെങ്കിലും തിരഞ്ഞെടുപ്പ് പൂരം സാംസ്‌കാരിക നഗരിയിൽ കൊട്ടിക്കയറുകയാണ്. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാടിനെ ചെങ്കൊടി പുതപ്പിച്ചതിന്റെ വീര്യമാണ് എൽ.ഡി.എഫിന്റെ കരുത്ത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും പിടിച്ചെടുത്ത ബലത്തിൽ കനത്ത തിരിച്ചടി കൊടുക്കാമെന്നതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കരുത്ത് തെളിയിച്ചതിന്റെ പ്രസരിപ്പിലാണ് എൻ.ഡി.എയുടെ പ്രചാരണം.

ത്രികോണ മത്സരത്താൽ ശ്രദ്ധേയമാണ് കോർപറേഷൻ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും കഴിഞ്ഞതവണ ഭരണത്തിലേറിയ എൽ.ഡി.എഫിന് ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. ചില്ലറ അസ്വാരസ്യങ്ങളുണ്ടെങ്കിലും ജയം ഉറപ്പിക്കാൻ ഗ്രൂപ്പുകൾക്കതീതമായി കൈകോർത്തിരിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തിയ ചരിത്രം ആവർത്തിക്കാമെന്നാണ് എൻ.ഡി.എയുടെ വിശ്വാസം.

 ഗ്രാമങ്ങൾ ആരു നേടും

ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ കഴിഞ്ഞതവണ ഒമ്പതിടങ്ങളിൽ മാത്രമാണ് ജയിച്ചതെങ്കിലും ഇത്തവണ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. മൂന്ന് എം.പിമാരും ഒരു എം.എൽ.എയും മുന്നണിയെ നയിക്കുന്നുവെന്നതാണ് അവരുടെ ആത്മവിശ്വാസം. 86 ൽ 67 പഞ്ചായത്തുകളും കൈവശമുള്ളതിനാൽ സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായെന്നും അതിലൂടെ വിജയം ആവർത്തിക്കാമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ അവിണിശേരി പഞ്ചായത്തിൽ ഭരണത്തിലിരുന്ന ബി.ജെ.പി കൂടുതൽ ഗ്രാമങ്ങൾ ഭരിക്കുമെന്ന അവകാശവാദവുമുയർത്തുന്നു. ഏഴ് നഗരസഭകളിൽ ആറിലും ഇടതുഭരണമാണ്. പക്ഷേ അതെല്ലാം കഴിഞ്ഞ കഥയെന്നാണ് യു.ഡി.എഫിന്റെ കട്ടായം.

 പ്രചരണായുധം ഫലിക്കുമോ ?
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം, ഒരാഴ്‌ചയ്ക്കിടെയുണ്ടായ എട്ട് രാഷ്ട്രീയ-ഗുണ്ടാ കൊലപാതകങ്ങൾ, ശബരിമല പ്രശ്നം, ക്ഷേത്രഭരണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ എല്ലാം പ്രചാരണായുധങ്ങളാണ്.

നിലവിലെ കക്ഷിനില:

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: 29

എൽ.ഡി.എഫ് : 20

(സി.പി.എം 12, സി.പി.ഐ 7, എൻ.സി.പി 1)

യു.ഡി.എഫ്: 9

(കോൺഗ്രസ് 07, മുസ്ളിംലീഗ് 02)

നഗരസഭകൾ- ഏഴ്

 എൽ.ഡി.എഫ്- 6

 യു.ഡി.എഫ്- 1

തൃശൂർ കോർപറേഷൻ ഡിവിഷനുകൾ- 55

 എൽ.ഡി.എഫ്- 27

യു.ഡി.എഫ്- 22

 ബി.ജെ.പി- 6

ബ്ളോക്ക് പഞ്ചായത്തുകൾ- 16

 എൽ.ഡി.എഫ്- 13

യു.ഡി.എഫ്- 3

പഞ്ചായത്തുകൾ- 86

എൽ.ഡി.എഫ്- 67

യു.ഡി.എഫ്- 18

എൻ.ഡി.എ-1