
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ദേശീയ - സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യം പകരുന്ന ആവേശത്തിലാണ് മുന്നണികൾ. അതേസമയം, വീടുവീടാന്തരം കയറിയുളള സ്ഥാനാർത്ഥികളുടെ പര്യടനത്തിലൂടെയും സൈബർ പ്രചാരണത്തിലൂടെയും കടുത്ത പോരാട്ടത്തിനാണ് കോർപറേഷനിൽ അരങ്ങൊരുങ്ങുന്നത്. കോർപറേഷനായ ശേഷമുള്ള നാലു തിരഞ്ഞെടുപ്പുകളിൽ രണ്ടു തവണ വീതമാണ് യു.ഡി.എഫും എൽ.ഡി.എഫും ഭരിച്ചത്.
നിലനിറുത്താനുറച്ച്...
55 ഡിവിഷനുകളിൽ 25ലും മത്സരിക്കുന്നത് സി.പി.എമ്മാണ്. ഭരണം നിലനിറുത്താൻ സി.പി.എം ഇറക്കിയിട്ടുള്ളത് മൂന്ന് നേതാക്കളെയാണ്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഷാജനാണ് മേയർ സ്ഥാനാർത്ഥി. യു.ഡി.എഫിന്റെ കോട്ടയായി കരുതുന്ന ലാലൂർ ഡിവിഷൻ പിടിച്ചടക്കാനാണ് ഷാജൻ്റെ പോരാട്ടം. കഴിഞ്ഞ ഭരണത്തിന് വളയം പിടിച്ച ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയുമുണ്ട് നയിക്കാൻ. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ അഞ്ചേരിയിൽ നിന്നാണ് കണ്ടംകുളത്തി മത്സരിക്കുന്നത്. സി.പി.എമ്മിന്റെ യുവനേതാവ് അനൂപ് ഡേവിസ് കാടയും രംഗത്തുണ്ട്. യു.ഡി.എഫിന് ആധിപത്യമുള്ള അരണാട്ടുകരയിൽ നിന്നാണ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും പാർട്ടി ഏരിയാകമ്മിറ്റി അംഗവുമായ അനൂപിൻ്റെ മത്സരം.
കൈയെത്തിപ്പിടിക്കാൻ മൂന്ന് പേർ
യു.ഡി.എഫിൽ നേതൃത്വം വഹിക്കാനും മേയർ സാദ്ധ്യതാ പട്ടികയിലുമുളള മൂന്നുപേരുണ്ട്. മുൻ മേയർ രാജൻ ജെ പല്ലനാണ് ശ്രദ്ധാകേന്ദ്രം. കോൺഗ്രസിന് ആധിപത്യമുള്ള ഗാന്ധിനഗറിലാണ് മത്സരിക്കുന്നത്. കെ.പി.സി.സി. സെക്രട്ടറിമാരായ എ. പ്രസാദും ജോൺ ഡാനിയേലും മുൻനിരയിലുണ്ട്. അയ്യന്തോളിൽ മത്സരിക്കുന്ന, കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് നഗരത്തിലെ സജീവ സാന്നിദ്ധ്യമാണ്. നഗരവും സമീപദേശങ്ങളും വെളളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ, ഹൈക്കോടതിയിൽ ഹർജി നൽകി പരിഹാരം കണ്ടെത്തിയതിൻ്റെ പരിവേഷം അദ്ദേഹത്തിനുണ്ട്. മേയർ സാദ്ധ്യതാ പട്ടികയിൽ ഐ ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്നത് യുവനിരയിലെ പ്രസാദിനെയാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജോൺ ഡാനിയേൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. യു.ഡി.എഫ് കോട്ടകളിലൊന്നായ കിഴക്കുംപാട്ടുകരയിലാണ് ജനവിധി തേടുന്നത്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ കഴിഞ്ഞകാലങ്ങളിലേതു പോലെ മേയർ സ്ഥാനം എ-ഐ. ഗ്രൂപ്പുകൾക്ക് വീതം വയ്ക്കും. അപ്പോൾ ഇവർക്ക് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷ.
താമര വിരിയിക്കാൻ എൻ.ഡി.എ
മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചും ദേശീയ - സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയുമാണ് എൻ.ഡി.എ പടയോട്ടത്തിന് അരങ്ങൊരുക്കുന്നത്. ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ് മേയർ സ്ഥാനാർത്ഥി. സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ഗോപാലകൃഷ്ണൻ ജനവിധി തേടുന്നത്. സംസ്ഥാന നേതാവ് മത്സരിക്കണമെന്ന തീരുമാനത്തെ തുടർന്നാണ് അദ്ദേഹത്തെ പരിഗണിച്ചത്. ആറ് കൗൺസിലർമാരിൽ നിന്ന് കൂടുതൽ സീറ്റുകൾ പിടിച്ചടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ആറിൽ നാലുപേർക്കും സീറ്റുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിൽ സുരേഷ് ഗോപി സൃഷ്ടിച്ച തരംഗം കണക്കിലെടുത്ത് പ്രചാരണത്തിനും അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുണ്ടാകും. രാജൻ ജെ. പല്ലനോട് ഏറ്റുമുട്ടുന്ന എൻ.ഡി.എയുടെ കെ. മഹേഷും ശ്രദ്ധാകേന്ദ്രമാണ്. തേക്കിൻകാട് ഡിവിഷനിൽ മുൻപ് അട്ടിമറി വിജയം നേടിയ എൻ. പ്രസാദ് അയ്യന്തോളാണ് ജനവിധി തേടുന്നത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലായതിനാൽ ഈ മത്സരവും നിർണ്ണായകമാണ്.