thariq-anwar

തൃശൂർ: മുന്നണിക്ക് പുറത്തുള്ളവരുമായി യാതൊരു വിധത്തിലുള്ള സഖ്യമില്ലെന്നും അത് കോൺഗ്രസിന്റെ നിലപാടാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു .

ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരായ അന്വേഷണം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണ്. സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ചിലയിടങ്ങളിൽ സ്ഥാനാർത്ഥി നിർണയം വൈകിയത് എല്ലാവിഭാഗം ആളുകളെയും വിശ്വാസത്തിലെടുക്കേണ്ടതിനാലാണ്. സർക്കാരിന്റെ അഴിമതി ഭരണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ജനം. കർഷകരെയും കർഷക സംഘടനകളെയും കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും താരിഖ് അൻവർ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി ജെ. കോടങ്കണ്ടത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.