
തൃശൂർ: ജില്ലയിൽ പെരുമാറ്റചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 2,261 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. മുകുന്ദപുരം താലൂക്കിൽ 19 തോരണങ്ങളും, 3 കൊടികളും, 7 ഫ്ളക്സുകളും, 8 പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂർ താലൂക്കിൽ 162 പോസ്റ്ററുകളും, 50 തോരണങ്ങളും, 51 കൊടികളും, 6 ഫ്ളക്സുകളും നീക്കം ചെയ്തു. ചാലക്കുടിയിൽ 9 ബോർഡുകളും, 108 പോസ്റ്ററുകളും, 60 തോരണങ്ങളും നീക്കം ചെയ്തു. തലപ്പിള്ളി താലൂക്കിൽ 156 കൊടികളും, 353 പോസ്റ്ററുകളും, 12 ഫ്ളക്സ് ബോർഡുകളും, 23 തോരണങ്ങളും, 7 അലങ്കാര വസ്തുക്കളും മാറ്റിയപ്പോൾ ചാവക്കാട് താലൂക്കിൽ നിന്ന് 135 പോസ്റ്ററുകളും നീക്കം ചെയ്തു. തൃശൂർ താലൂക്കിൽ നിന്ന് 100 ബോർഡുകളും കുന്നംകുളം താലൂക്കിൽ നിന്ന് 735 പോസ്റ്ററുകളും 94 ഫ്ളക്സുകളും 113 ബാനറുകളും നീക്കം ചെയ്തു.
10ന് പൊതുഅവധി
തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് തിയതിയായ 10 ന് സർക്കാർ വേതനത്തോടെ പൊതു അവധിയായി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിയതികളിൽ എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നൽകിയുള്ള ഉത്തരവ് ബാധകമാണ്. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിനുള്ള നിർദേശം ലേബർ കമ്മിഷൻ നൽകിയിട്ടുണ്ട്.
വോട്ടിംഗ് മെഷിനുകളുടെ കമ്മിഷനിംഗ് 7 ന്
തൃശൂർ: കോർപറേഷനിലെ 29 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗ് 7 ന് നടക്കും. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കമ്മിഷനിംഗ് നടത്തുന്നത്. 29 മുതൽ 41 വരെയുള്ള ഡിവിഷനുകളിലേക്കുള്ള മെഷിനുകളുടെ കമ്മിഷനിംഗ് രാവിലെ 10 മുതൽ 11.30 വരെയും 42 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്കുള്ള മെഷിനുകളുടെ കമ്മിഷനിംഗ് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും നടത്തും. കമ്മിഷനിംഗ് നടത്തുന്ന സമയത്ത് പ്രസ്തുത സ്ഥലത്തേക്ക് സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഒരു ഏജന്റിനോ മാത്രമായിരിക്കും പ്രവേശനം. പുല്ലഴി ഡിവിഷനെ (47) ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ കമ്മിഷനിംഗിൽ നിന്ന് ഒഴിവാക്കി.
ഹോർഡിംഗുകൾ അടിയന്തരമായി നീക്കണം
തൃശൂർ: ജില്ലയിൽ ശക്തമായി കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള പഴക്കമുള്ളതും ഉറപ്പില്ലാത്തതുമായ ഹോർഡിംഗുകൾ ഉടമസ്ഥർ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കളക്ടർ എസ്. ഷാനവാസ് അഭ്യർത്ഥിച്ചു.