വടക്കാഞ്ചേരി: മന്ത്രി ഇടപെട്ടിട്ടും വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി എ.സി. മൊയ്തീൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.

വിവിധ വകുപ്പുകൾ തമ്മിലുള്ള ശീതസമരം മൂലമാണ് വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ കോടിക്കണക്കിന് രൂപയുടെ ബൃഹദ് പദ്ധതികൾ മുടങ്ങിക്കിടക്കുന്നതെന്നാണ് ആരോപണം. ഇറിഗേഷൻ, ടൂറിസം, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നീ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം.

ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഴാനി ഡാമിൽ അവരുടെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ഇതുമൂലം സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വാഴാനിയെ മാറ്റിയെടുക്കാനുള്ള ഭരണകൂട പദ്ധതികൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് പരാതി.

മുൻ സർക്കാരും, ഇപ്പോഴത്തെ സർക്കാരും പ്രഖ്യാപിച്ച വിവിധ പദ്ധതികൾ ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. വടക്കാഞ്ചേരിയിലെ മുൻ എം.എൽ.എയായിരുന്ന സി.എൻ. ബാലകൃഷ്ണൻ പ്രഖ്യാപിച്ച കുട്ടികളുടെ പാർക്ക് നവീകരണം (50 ലക്ഷം), കൺവെൻഷൻ സെന്റർ (1 കോടി) എന്നിവയും മന്ത്രി എ. സി. മൊയ്തീൻ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച മ്യൂസിക്കൽ ഫൗണ്ടൻ ഉൾപ്പെടെ 4 കോടി 20 ലക്ഷം രൂപയുടെ പദ്ധതികളുമാണ് നടപ്പാകാതെ കിടക്കുന്നത്.

എ.സി. മൊയ്തീൻ വടക്കാഞ്ചേരി എം.എൽ.എ യായിരി ക്കുമ്പോൾ 46 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സാംസ്‌കാരിക നിലയം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. മ്യൂസിക്കൽ ഫൗണ്ടൻ യാഥാർത്ഥ്യമായെങ്കിൽ അത് വിനോദ സഞ്ചാര മേഖലയിൽ വാഴാനിക്ക് പുതിയൊരു മുഖച്ഛായ സമ്മാനിക്കുമായിരുന്നു.

വാട്ടർ സ്‌ക്രീനും, പ്രൊജക്ടറും, ലൈസറും ഉൾപ്പെടുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മനോഹരമായ കാഴ്ചവിരുന്ന് ദർശിക്കാൻ നിരവധിപേരെത്തുമെന്നാണ് പ്രതീക്ഷ. വർണക്കാഴ്ചകൾ പുൽത്തകിടിയിലിരുന്ന് വീക്ഷിക്കാനുള്ള ക്രമീകരണങ്ങളും പദ്ധതിയിലുണ്ട്. തുക അനുവദിച്ചതും പദ്ധതി നടപ്പിലാക്കേണ്ടതും ടൂറിസം വകുപ്പാണെങ്കിലും ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങണം. അനുമതി ലഭിക്കാത്തതാണ് പദ്ധതി മുടങ്ങുന്നതിന് വഴി വയ്ക്കുന്നതെന്നാണ് ആരോപണം.

സമാന പ്രശ്‌നമാണ് സാംസ്‌കാരിക നിലയത്തിനും, കൺവെൻഷൻ സെന്ററിനുമുള്ളത്. നിർമ്മാണം നടത്തേണ്ടത് പൊതുമരാമത്ത് കെട്ടിട വിഭാഗമാണ്. ഇവർക്ക് സ്ഥലം കൈമാറിയാൽ മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂ. ജലസേചന വകുപ്പ് പ്രകടിപ്പിക്കുന്ന വിമുഖതയാണ് തടസം. വാഴാനിയുടെ വികസനത്തിനുള്ള തടസം പരിഹരിക്കാൻ ജനപ്രതിനിധികൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

50 ലക്ഷം ചെലവിൽ കുട്ടികളുടെ പാർക്ക് നവീകരണം

ഒരു കോടി ചെലവിലുള്ള കൺവെൻഷൻ സെന്റർ

4.2 കോടി ചെലവിലുള്ള മ്യൂസിക്കൽ ഫൗണ്ടൻ

46 ലക്ഷം ചെലവിൽ നിർമ്മിച്ച സാംസ്‌കാരിക നിലയം