
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പാലത്തിൽ നിന്നും നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു. ആളപായമില്ല. ലോറിയിലുണ്ടായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാൻ ഭരത്പൂർ സ്വദേശികളായ സാഹിൽ (18), ഇമ്രാൻ (27) എന്നിവർ നീന്തി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് മൂന്നേ കാലിനായിരുന്നു സംഭവം. മുന്നിൽ പോവുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കണ്ടെയ്‌നർ ലോറി പാലത്തിന്റെ കൈവരികൾ തകർത്താണ് പുഴയിലേയ്ക്ക് കൂപ്പുകുത്തിയത്. ലോറിയുടെ മുൻഭാഗം പതിച്ചത് വെള്ളം കുറവായ ഭാഗത്തായിരുന്നു. ഇതുമൂലം കാബിനിൽ വെള്ളം കയറിയില്ല. ഇതാണ് ഡ്രൈവർമാർക്ക് തുണയായത്. ഡ്രൈവർമാരായ യുവാക്കൾ കാബിനിൽ നിന്നും പുറത്തു കടന്ന് തൊട്ടടുത്ത ചെറിയ തുരുത്തിലേയ്ക്ക് നീന്തിക്കയറി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം രാജസ്ഥാനിലേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപെട്ടത്. ചാലക്കുടി പൊലീസും രക്ഷാപ്രവർത്തനത്തിനെത്തി.