അതിരപ്പിള്ളി: മലകളാൽ ചുറ്റപ്പെട്ട് പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന മലയോര പ്രദേശം. വൈദ്യുതി നിലയങ്ങളും ഡാമുകളും പ്രശസ്തി വാരിക്കോരി നിൽക്കുന്നിടം. 14 ആദിവാസി ഊരുകളും തോട്ടംതേയില മേഖലകളും അതിരപ്പിള്ളിയുടെ സവിശേഷതകളിൽ പെടുന്നു. രാജ്യത്തിനകത്തും പുറത്തും പേരുംപെരുമയുമുണ്ടാക്കുന്ന മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടവും പഞ്ചായത്തിന്റെ അനുഗ്രഹം.
വലിപ്പത്തിൽ ഏറെ മുന്നിലും ജനസംഖ്യയിൽ ഏറ്റവും താഴെയുമായ പഞ്ചായത്തിന്റെ ആദ്യ നാമധേയം വെറ്റിലപ്പാറ എന്നായിരുന്നു. പതിനായിരത്തോളം ജനസംഖ്യയിൽ വോട്ടർമാരുടെ എണ്ണം 6880. ഇതിൽ ആദിവാസികൾ 1300ഉം, തോട്ടം തൊഴിലാളികൾ 1200 വരും. കാർഷിക വിഭവങ്ങളാൽ ജീവിതം കണ്ടെത്തുന്നവർക്കാണ് മുൻതൂക്കം.
പരിയാരത്തു നിന്നും വിഭജിച്ച് 1979ൽ വെറ്റിലപ്പാറ പഞ്ചായത്ത് നിലവിൽ വന്നകാലം മുതൽ ഇടതുപക്ഷത്തോടായിരുന്നു മലനാടിന് കൂടുതൽ ആഭിമുഖ്യം. ഇടയ്‌ക്കെല്ലാം കോൺഗ്രസിനും ഭരണത്തിലേറ്റി. ആരു ഭരിക്കുമ്പോഴും മുന്നൂറു വോട്ടുകളുടെ വ്യത്യാസം മാത്രമെ ഇവിടെ ഉണ്ടാകാറുമുള്ളു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയാകെ യു.ഡി.എഫ് തൂത്തുവാരിയപ്പോൾ അതിരപ്പിള്ളിയിൽ മാത്രം ഇന്നസെന്റ് മൂന്ന് വോട്ടുകൾക്ക് മുന്നിലെത്തി.
സി.പി.എമ്മിലെ തങ്കമ്മ വർഗ്ഗീസായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ്. മലക്കപ്പാറയിലെ രണ്ടു വാർഡുകളിൽ എച്ച്.എം.എസ് നിർണ്ണായക ശക്തിയുമാണ്. വികസനങ്ങൾ എണ്ണിപ്പറഞ്ഞ് തുടർഭരണം ഉറപ്പിക്കാൻ എൽ.ഡി.എഫും തിരിച്ചു പിടിയ്ക്കാൻ യു.ഡി.എഫും സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിയും കളത്തിലിറങ്ങിയപ്പോൾ വെള്ളച്ചാട്ടങ്ങളുടെ നാടും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്.
............................
എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പഞ്ചായത്തിൽ നടത്തിയത്.
സർക്കാരുകളുടെ വിവിധ ഫണ്ടുകൾ യഥാസമയം വിജയകരമായി വിനിയോഗിച്ചു. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളും അതിരപ്പിള്ളിയുടെ വികസനത്തിനായി വലിയ തുകകൾ ചെലവഴിച്ചു.
കെ.കെ. റിജേഷ് (ഭരണസമിതിയംഗം)
..........................................
വികസന മുരടിപ്പായിരുന്നു ഭരണ സമിതി കാഴ്ചവച്ചത്. തോട്ടം മേഖലയിലും ആശ്രയ പദ്ധതിയിലും സർക്കാർ അനുവദിച്ച ഫണ്ടുകൾ പഴാക്കി. കുടിവെള്ള പദ്ധതികളും കാര്യക്ഷമമായില്ല.
ജയാതമ്പി (പ്രതിപക്ഷ നേതാവ്)
..................
അഴിമതിയുടെ ഭരണമാണ് അതിരപ്പിള്ളിയിൽ നടന്നത്. യു.ഡി.എഫ് കാഴ്ചക്കാരായി നിന്നു.
അനീഷ് ചെന്താമര (ബി.ജെ.പി നേതാവ്)
..........................................
കക്ഷിനില
എൽ.ഡി.എഫ്- 7, യു.ഡി.എഫ്- 4, സ്വതന്ത്രർ- 2