
കൊടുങ്ങല്ലൂർ: കൊവിഡ് കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണമേറെയുണ്ടെങ്കിലും നസീർ മാടവനയെ തേടി സ്ഥാനാർത്ഥികളെത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സ്‌പെഷ്യലിസ്റ്റാണ് നസീർ. എറിയാട് അബ്ദുള്ള റോഡിലുള്ള നസീറിന്റെ മാക്‌സ് മീഡിയയിലെത്തിയാൽ മതി പ്രചരണത്തിനാവശ്യമായ പാരഡി ഗാനം ലഭിക്കും.
രചനയും ആലാപനവുമുൾപ്പെടെയുള്ള കാര്യങ്ങൾ നസീർ ലഭ്യമാക്കും. ഇക്കുറി ഇതിനകം അമ്പതിലധികം സ്ഥാനാർത്ഥികൾക്കായി നസീർ പ്രചാരണ ഗാനം തയ്യാറാക്കിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഷമീർഷാ അഴീക്കോട് ഉൾപ്പെടെയുള്ളവരാണ് പ്രചാരണ ഗാനങ്ങൾക്ക് ശബ്ദം നൽകുന്നത്. മാപ്പിളപ്പാട്ടുകൾക്കാണ് തിരഞ്ഞെടുപ്പ് ഗാനങ്ങൾക്ക് അധികവും ഉപയോഗിക്കുന്നത്. പെട്ടെന്ന് ജനശ്രദ്ധ ആകർഷിക്കാൻ മാപ്പിള പാട്ടിന് കഴിയുമെന്നതാണ് കാരണം. കൊവിഡിനെ തുടർന്ന് പുതിയ സിനിമകളെത്താത്തത് മൂലം പ്രചരണ ഗാനങ്ങൾക്കായി പഴയ പാട്ടുകളെയാണ് കൂടുതലായും ആശ്രയിക്കുന്നതെന്ന് നസീർ മാടവന പറഞ്ഞു. ഈ തിരഞ്ഞെടുപ്പു കാലത്തെ പുതുമ ഓടുന്ന വാഹനത്തിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ചിഹ്നം ഉപയോഗിച്ചുകൊണ്ടുള്ള ആനിമേഷൻ വീഡിയോകളാണ്. സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അനൗൺസ്‌മെന്റ്, ഗാനം എന്നിവയും ഈ ആനിമേഷൻ വീഡിയോയിൽ ഉൾപ്പെടുത്തും. പരസ്യപ്രചരണത്തിനായുള്ള ശബ്ദലേഖനവും ഇവിടെ നടത്തും. പത്ത് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നസീർ മാടവന നൂറ് കണക്കിന് പാരഡി പ്രചരണ ഗാനം ഒരുക്കിയിട്ടുണ്ട്.