
തൃശൂർ: കോർപ്പറേഷനും നഗരസഭകളും ഒഴിച്ചുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇത്തവണ ഫലം പ്രവചനാതീതം. ജില്ലയിൽ ഉള്ള 29 ഡിവിഷനുകളിൽ പൊരിഞ്ഞ പോരാട്ടം ആണ് നടക്കുന്നത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ. ഡി. എഫ് ആണ് അധികാരത്തിൽ എത്തിയത്. എന്നാൽ, ഇത്തവണ ഭരണം പിടിച്ചെടുക്കമെന്നു യു.ഡി.എഫ് അവകാശപ്പെടുന്നു. ശക്തമായ മത്സരം കാഴ്ച്ചവെച്ചു എൻ.ഡി.എയും രംഗത്തുണ്ട്. മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് ഒട്ടും പുറകിൽ അല്ല. പരിചയ സമ്പന്നരെയും അതോടൊപ്പം യുവാക്കളെയും അണിനിരത്തിയാണ് മത്സരം കൊഴുപ്പിക്കുന്നത്.
പ്രാദേശിക വികസനവും പൊതു രാഷ്ട്രീയവും
പ്രചാരണ കാറ്റ് ആഞ്ഞുവീശുമ്പോൾ തിരഞ്ഞെടുപ്പ് വിഷയമായി പ്രാദേശിക വികസനത്തിനൊപ്പം പൊതു രാഷ്ട്രീയവും ഉയർന്നു വരുന്നുണ്ട്. സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്തോടെ കവലകൾ തോറും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു പരമാവധി വോട്ടുകൾ പെട്ടിയിൽ ആക്കുന്നതിനുള്ള തന്ത്രങ്ങൾ ആണ് മുന്നണികൾ മെനയുന്നത്. എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതു പക്ഷം ഉയർത്തികാട്ടുമ്പോൾ സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പാളിച്ചകളുമാണ് യു.ഡി.എഫിന്റെ പ്രചാരണായുധം. എൻ.ഡി.എ ആകട്ടെ സംസ്ഥാന സർക്കാരിനെതിരെയുള്ള വിഷയങ്ങൾക്ക് ഒപ്പം മോദി സർക്കാരിന്റെ കൃഷി സമ്മാൻ നിധി, ജൻ ധൻ അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികളും ഉയർത്തികാട്ടുന്നു. പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പോരാട്ടത്തിന് വീറും വാശിയും ഏറിത്തുടങ്ങി.
പ്രസിഡന്റ് ആകാൻ സാധ്യത ഉള്ളവർ
എൽ. ഡി. എഫ് ഭരണം നില നിർത്തിയാൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം പി. കെ. ഡേവിസ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. എസ്. വിനയൻ എന്നിവർക്കാണ് കൂടുതൽ സാധ്യത. സി.പി.ഐയിലെ വി.എസ്. പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവരെ പരിഗണിച്ചേക്കും. കോൺഗ്രസ് ജയിച്ചാൽ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, പി.കെ. രാജൻ, എൻ.എ. സാബു എന്നിവർ പരിഗണന പട്ടികയിൽ ഉണ്ട്.
നിലവിലെ കക്ഷി നില
ആകെ സീറ്റ് -29
എൽ.ഡി.എഫ് -20
യു.ഡി. എഫ് -9