
തൃശൂർ : കോർപറേഷനിൽ എൻ.ഡി.എയുടെ പ്രധാന ഘടകകക്ഷിയായി ബി.ഡി.ജെ.എസ് മത്സരിക്കുന്ന ഏഴ് സീറ്റുകളിൽ ഉൾപ്പെട്ട ഡിവിഷനുകളാണ് മണ്ണുത്തി, പടവരാട്, കുറ്റുമുക്ക്. ആകെ എട്ട് സീറ്റിലായിരുന്നു ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. ഇതിൽ പുല്ലഴി ഡിവിഷനിൽ സ്ഥാനാർത്ഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവച്ചു.
ശക്തമായ മത്സരമാണ് മണ്ണുത്തി, പടവരാട്, കുറ്റുമുക്ക് ഡിവിഷനുകളിൽ. പ്രചാരണ രംഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം. വിവിധ സ്‌ക്വാഡുകളായി ഇറങ്ങി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിനാണ് മുന്നണികൾ ശ്രദ്ധ കൊടുക്കുന്നത്.
വാശിയേറിയ പോരാട്ടവുമായി കുറ്റുമുക്ക്
കുറ്റുമുക്കിൽ വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സിജി സുഷിൽ കുമാർ (എൻ.ഡി.എ), രാധിക അശോകൻ (എൽ.ഡി.എഫ്), അജി വിനയൻ (യു.ഡി.എഫ്) എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ്. സി.പി.എമ്മിലെ പി. കൃഷ്ണൻകുട്ടി മാസ്റ്ററാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ഡിവിഷൻ വനിതാ സംവരണമാണ്. മുന്നണി സ്ഥാനാർത്ഥികൾ മാത്രമാണ് രംഗത്തുള്ളത്. പ്രചാരണം കൊഴുക്കുമ്പോൾ ആര് വിജയം വരിക്കുമെന്നത് പ്രവചനാതീതമാണ്.
ബി.ഡി.ജെ.എസിന് ഡിവിഷനിൽ ശക്തമായ അടിത്തറയുണ്ട്. കോർപറേഷൻ ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് എൻ.ഡി.എയുടെ പ്രധാന പ്രചാരണ ആയുധം. വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും തുണയാകുമെന്ന് എൽ.ഡി.എഫ് പറയുന്നു. കോർപറേഷൻ ഭരണത്തിനെതിരെയുള്ള വികാരം അട്ടിമറി വിജയത്തിലെത്തിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.
പടവരാടിന്റെ പടക്കളത്തിൽ വീറോടെ മുന്നണികൾ
പടവരാട് പോരാട്ടത്തിന് വീറും വാശിയും ഏറെയാണ്. മുൻ ഡെപ്യൂട്ടി മേയർ സി.പി.എമ്മിലെ വർഗീസ് കണ്ടംകുളത്തി പ്രതിനിധാനം ചെയ്തിരുന്ന പടവരാട് ഡിവിഷൻ പിടിച്ചെടുക്കാനുള്ള പ്രവർത്തനമാണ് എൻ.ഡി.എയും യു.ഡി.എഫും നടത്തുന്നത്. എന്നാൽ ഇത്തവണയും സീറ്റ് നിലനിറുത്താനാകുമെന്ന് എൽ.ഡി.എഫ് പറയുന്നു. സിന്ധുവിനെയാണ് (ജയ) ഇത്തവണ ഡിവിഷൻ പിടിക്കാൻ എൻ.ഡി.എ രംഗത്തിറക്കിയത്. എന്നാൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി എൽ.ഡി.എഫ് നിജു ഗിരീഷിനെയാണ് കളത്തിലിറക്കിയത്. റെനി ജോയാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. ഇതിനോടകം ഡിവിഷനിലെ മുഴുവൻ വോട്ടർമാരുടെയും വീടുകളിലെത്തി പലതവണ വോട്ട് അഭ്യർത്ഥിച്ച് കഴിഞ്ഞു സ്ഥാനാർത്ഥികൾ.
മണ്ണുത്തിയിൽ വിജയം ആരുടെ ചാരെ
മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമേ രണ്ട് സ്വതന്ത്രന്മാർ കൂടി മത്സര രംഗത്തുള്ള ഡിവിഷനാണ് മണ്ണുത്തി. വൃന്ദ ടീച്ചറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. സി.പി.എമ്മിനായി രേഷ്മയും യുഡി.എഫിനായി ജ്യോതി ആനന്ദും മത്സരിക്കുന്നു. ജിസ ജോജി, രാജി മണി എന്നിവരാണ് സ്വതന്ത്രർ. നിലവിൽ സി.പി.എമ്മിലെ അഡ്വ. രാമദാസാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ഡിവിഷൻ പിടിച്ചെടുക്കാൻ യു.ഡി.എഫും അട്ടിമറിക്കായി എൻ.ഡി.എയും കളം നിറഞ്ഞ് രംഗത്തുണ്ട്. അതേ സമയം ഡിവിഷൻ നിലനിറുത്താനാകുമെന്ന് എൽ.ഡി.എഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
തുഷാർ നാളെ തൃശൂരിൽ
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നാളെ ജില്ലയിൽ പര്യടനം നടത്തും. വിവിധ പ്രചാരണ പരിപാടികളിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കും.