manifesto

തൃശൂർ: തൃശൂരിനെ ക്ലീൻ സിറ്റിയാക്കി മാറ്റുന്നതിന് പ്രഥമ പരിഗണന നൽകി കോർപറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ മാനിഫെസ്റ്റോ പുറത്തിറക്കി. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ആധുനിക ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മാലിന്യമുക്തമായ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ജി.പി.എസ് സംവിധാനങ്ങളുടെ സഹായത്തോടെ മാലിന്യ നീക്കം ക്രമപ്പെടുത്തും. വഴിയരികിൽ മാലിന്യം കൂട്ടിവെയ്ക്കുന്ന രീതി അവസാനിപ്പിക്കും. ആധുനിക ഖരമാലിന്യ കളക്‌ഷൻ സെന്ററുകൾ സ്ഥാപിക്കും. ടി.എൻ പ്രതാപൻ എം.പി പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ മുഖ്യാതിഥിയായി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. മാനിഫെസ്റ്റോ കമ്മിറ്റി കൺവീനർ വിജയ് ഹരി സ്വാഗതവും കമ്മിറ്റിയംഗം സുബി ബാബു നന്ദിയും പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ഐ.പി പോൾ, ജോസ് വള്ളൂർ, ഡോ. നിജി ജസ്റ്റിൻ, സി.ബി ഗീത, എ പ്രസാദ് എന്നിവർ പങ്കെടുത്തു.

പാർക്കിംഗ്

മൾട്ടിലെവൽ പാർക്കിംഗ് ഉൾപ്പെടെയുള്ള ആധുനിക പാർക്കിംഗ് സംവിധാനം ഒരുക്കും.


ഗതാഗതം

55 ഡിവിഷനുകളിലെയും ചെറുതും വലുതുമായ എല്ലാ റോഡുകളുടേയും നവീകരണത്തിനായി മാസ്റ്റർ പ്ലാൻ

റോഡ് വികസനത്തിന് പ്രത്യേക റോഡ് മാപ്പ്

റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാൻ പ്രത്യേക സംവിധാനം.

സീറോ സ്വിവേജ് സിറ്റി

വികേന്ദ്രീകൃത സ്വിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സജ്ജീകരിച്ച് കനാലുകളിലേക്കും തോടുകളിലേക്കും ടോയ്‌ലറ്റ് മാലിന്യം ഒഴുക്കുന്നത് അവസാനിപ്പിക്കും.

പബ്ലിക്ക് സൈക്കിൾ ഷെയറിംഗ്

കിഴക്കെകോട്ട, പടിഞ്ഞാറെക്കോട്ട, ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, മുൻസിപ്പൽ ഓഫീസ്, കെ.എസ്.ആർ.ടി.സി, കളക്ടറേറ്റ് തുടങ്ങിയ പ്രധാന ഇടങ്ങളിൽ തുടങ്ങുന്ന സെന്ററുകളിൽ നിന്നും ജനങ്ങൾക്ക് സൈക്കിൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാം.


വെള്ളക്കെട്ടിന് പരിഹാരം

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സമഗ്ര സ്റ്റേം വാട്ടർ മാനേജ്‌മെന്റ് സംവിധാനം.

ജനസമ്പർക്ക പരിപാടി

എല്ലാ മാസവും ആദ്യ തിങ്കളാഴ്ച്ച മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിൽ ജനസമ്പർക്ക പരിപാടി. ഡിവിഷൻ തലത്തിൽ മാസത്തിൽ ഒരു തവണ ഡിവിഷനിലെ ഒരു റസിഡന്റ് അസോസിയേഷനിൽ വന്ന് അവരുടെ പ്രദേശത്തെ വിഷയങ്ങൾ കേട്ട് പരിഹാരം കണ്ടെത്തും.