കയ്പമംഗലം: ശക്തമായ ത്രികോണ മത്സരങ്ങൾക്ക് വേദിയാകുന്ന മതിലകം പഞ്ചായത്തിൽ 17 വാർഡിലേക്ക് ഇക്കുറി ജനവിധി തേടുന്നത് 54 സ്ഥാനാർത്ഥികൾ. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ 29 വനിതകളും മത്സര രംഗത്തുണ്ട്. രൂപീകരണം മുതൽ ഇടതു പക്ഷത്തോടൊപ്പം നിൽക്കുന്ന പഞ്ചായത്താണ് മതിലകം.

ഇടത് - വലത് സ്ഥാനാർത്ഥികളായി സഹോദരങ്ങൾ തമ്മിൽ മത്സരിക്കുന്ന പൊക്ലായി വാർഡ് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. 16-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇ.കെ. ബിജുവും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇ.കെ. ബൈജുവുമാണ് ജനവിധി തേടുന്നത്. കൂളിമുട്ടം പൊക്ലായി സ്വദേശി ഏറൻപുരക്കൽ കുട്ടന്റെ മക്കളായ ഇ.കെ. ബിജു പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമാണ്. ഇളയ സഹോദരനായ ഇ.കെ. ബൈജു മതിലകം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാണ്.

ഈഴവ, പട്ടിക ജാതി സമൂഹത്തിന് സ്വാധീനമുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിൽ സി.പി.എം 11 സീറ്റുകളിലും, സി.പി.ഐ 6 സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ പട്ടികജാതി സംവരണം കൂടാതെ നാലു ജനറൽ സീറ്റിലും പട്ടിക ജാതിക്കാർക്ക് അവസരം നൽകി എൽ.ഡി.എഫ് 6 സീറ്റിലും പട്ടിക ജാതിക്കാരെ മത്സരിപ്പിക്കുന്നുണ്ട്. എന്നാൽ ഘടക കക്ഷിയായ സി.പി.ഐ ഈഴവ സമുദായത്തെ അവഗണിച്ചതിൽ ആക്ഷേപം ഉയർന്നിരുന്നു.

യു.ഡി.എഫിൽ കോൺഗ്രസ് 14, മുസ്ലീം ലീഗ് 2 , വെൽഫെയർ പാർട്ടി 1 എന്ന നിലയിലാണ് മത്സരിക്കുന്നത്. എൻ.ഡി.എ മുന്നണി ബി.ഡി.ജെ.എസിന് ഒരു സീറ്റ് നൽകി 16 വാർഡിലും ബി.ജെ.പി മത്സരരംഗത്ത് ശക്തമായ പ്രചരണം നടത്തുന്നു. മൂന്നു മുന്നണികളിലും പുതുമുഖങ്ങളാണ് കൂടുതലെങ്കിലും എൽ.ഡി.എഫിനായി നിലവിലെ അംഗങ്ങളായ വി.എസ്. രവീന്ദ്രനെ 15-ാം വാർഡിലും, യു.ഡി.എഫ് ഹസീന ഫത്താഹിനെയും 14-ാം വർഡിലും , ജനറൽ സീറ്റായ 11 ാം വാർഡിൽ സിന്ധു രവീന്ദ്രനെയും സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്.

17 ൽ 15 സീറ്റും നേടി ചരിത്രം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളും,പത്ത് വാർഡിൽ കൂടുതൽ പിടിച്ചടക്കി 56 വർഷത്തെ ഇടതു ഭരണത്തിന് വിരാമമിടുമെന്ന് യു.ഡി.എഫ് നേതാക്കളും, നാലു സീറ്റെങ്കിലും പിടിച്ചെടുത്ത് മതിലകത്ത് അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എ നേതാക്കളും അവകാശപ്പെടുന്നു.


ഇപ്പോഴത്തെ കക്ഷിനില
സി.പി.എം- 10, സി.പി.ഐ- 4, കോൺഗ്രസ് - 3