ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് കുറ്റിക്കാട് ഡിവിഷനിൽ മുന്നണികൾക്ക് ഭീഷണിയായി സ്വതന്ത്ര സ്ഥാനാർത്ഥി കെ.വി. ഷൈസൻ. 2010- 15 കാലയളവിൽ തൃപ്പാപ്പിള്ളി വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ആത്മവിശ്വാസത്തിലാണ് ഷൈസൻ ബ്ലോക്ക് പഞ്ചായത്തിലേക്കും അങ്കത്തിനിറങ്ങിയിരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ 217 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇയാളുടെ വിജയമുണ്ടായത്. ഇതാണ് മുന്നണികളെ അങ്കലാപ്പിലാക്കുന്നതും. സ്വതന്ത്രമായ പോരാട്ടത്തിൽ യുവാക്കളുടെ സഹകരണം ഉറപ്പാക്കുന്ന പ്രവർത്തനമാണ് ഷൈസൻ കാഴ്ചവയ്ക്കുന്നത്. യു.ഡി.എഫിലെ പി.കെ. ജേക്കബ്ബും, എൽ.ഡി.എഫിലെ വി.എം. ടെൻസനുമാണ് പ്രധാന എതിരാളികൾ. അനു മണ്ണുംപുറം ബി.ജെ.പി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. ഇതുവരേയും യു.ഡി.എഫിനെ മാത്രം തുണച്ച ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനാണ് കുറ്റിക്കാട്.