ചാലക്കുടി: കണ്ടെയ്‌നർ ലോറി പുഴയിലേയ്ക്ക് വീണ ചാലക്കുടി പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ലോറി പുഴയിലേയ്ക്ക് കൂപ്പുകുത്തി കിടക്കുന്ന കാഴ്ച കാണാൻ ആളുകൾ വാഹനങ്ങൾ നിറുത്തുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ പാലതും പാലത്തിന്റെ ഓരത്ത് നിറുത്തിയാണ് പുഴയിലെ ദൃശ്യം വീക്ഷിയ്ക്കുന്നത്. ചിത്രങ്ങൾ പകർത്താനും തിക്കുംതിരക്കുമാണ്. പൊലീസ് നിയന്ത്രണത്തിന് എത്തുന്നുണ്ടെങ്കിലും പ്രയോജനമില്ല. നൂറു കണക്കിന് വാഹനങ്ങളാണ് ദേശീയ പാതയിൽ ഗതാഗതകുരുക്കിൽപ്പെടുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് പടിഞ്ഞാറെ ഭാഗത്തെ പാലത്തിൽ നിന്നും നിയന്ത്രണം തെറ്റി കണ്ടെയ്‌നർ ലോറി പുഴയിലേയ്ക്ക് വീണത്. ക്യാബിൻ വെള്ളം കുറഞ്ഞ ഭാഗത്ത് കുത്തി നിന്നതിനാൽ ഡ്രൈവർമാർ രണ്ടു പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.