
തൃശൂർ: എന്നും സഹായിക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചേലക്കര ഇത്തവണയും തങ്ങളെ കൈ വിടില്ലെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് മുന്നേറുമ്പോൾ ഫലം മറിച്ചാകുമെന്ന ഉറച്ച കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്. അട്ടിമറിക്ക് തങ്ങൾക്കും ശക്തിയുണ്ടെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിർമ്മലയെയാണ് ചേലക്കര കൈവിടാതിരിക്കാൻ യു. ഡി. എഫ് കളത്തിൽ ഇറക്കിയിരിക്കുന്നത്. ഇടതു കാറ്റ് ആഞ്ഞു വീശുമ്പോഴും തങ്ങൾക്ക് ഒപ്പം കൂടാത്ത ചേലക്കര ഇക്കുറി മാറ്റി ചിന്തിക്കുമെന്ന പ്രതീക്ഷയിൽ കെ. ആർ. മായയെ ആണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിലും ജനാധിപത്യ മഹിളാ സംഘത്തിലും പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് വലതു കോട്ട ഇളക്കാൻ മായ എത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളി എന്ന നിലയിൽ സാധാരണക്കാരി എന്ന പരിവേഷവുമായി എൻ. ഡി. എ സ്ഥാനാർത്ഥി ഓമനയും ശക്തമായി രംഗത്ത് ഉണ്ട്. സമീപകാലത്ത് ബി.ജെ.പിക്ക് മേഖലയിൽ ഉണ്ടായ വളർച്ചയിൽ കണ്ണുംനട്ടാണ് എൻ.ഡി.എയുടെ പ്രചാരണം മുന്നോട്ട് പോകുന്നത്. സംസ്ഥാന രാഷ്ട്രീയം, ഡിവിഷനിലെ കുടിവെള്ള പ്രശ്നം, ആരോഗ്യ കേന്ദ്രങ്ങളുടെ നവികരണം തുടങ്ങിയവയാണ് പ്രചാരണ വിഷയങ്ങൾ. മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒട്ടും പിന്നിൽ അല്ല. സ്ഥാനാർത്ഥി പര്യടനങ്ങൾ നാളെ അവസാനിക്കും മുമ്പ് പരമാവധി വീടുകൾ കയറാനുള്ള ശ്രമത്തിൽ ആണ് സ്ഥാനാർത്ഥികൾ.
ചേലക്കര ഡിവിഷൻ
പാഞ്ഞാൾ പഞ്ചായത്ത്, പഴയന്നൂർ പഞ്ചായത്തിലെ എളനാട് ബ്ലോക്ക് ഡിവിഷൻ, ചേലക്കര പഞ്ചായത്തിലെ 1,2,4,5 വാർഡുകൾ ഒഴികെ 18 വാർഡുകൾ ഉൾപ്പെടുന്നതാണ് ചേലക്കര ഡിവിഷൻ.