ചാഴൂർ: ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവുന്ന ചാഴൂർ പഞ്ചായത്തിൽ വിജയം പ്രവചനാതീതം. പ്രചാരണരംഗം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാന മത്സരം എൽ.ഡി.എഫും എൻ.ഡിഎയും തമ്മിലാണ്. ആകെയുള്ള 18 വാർഡുകളിൽ 16 വാർഡുകളിലും എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ കടുത്ത മത്സരത്തിലാണ്.

രണ്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന്റെ പ്രചാരണം ശക്തമെന്ന് പറയാവുന്നത്. മൂന്ന് ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫ് പിറകിലാണ്. 30 വർഷത്തിലേറെയായി ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരിച്ചുവരുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് - 15, യു.ഡി.എഫ് -3 എന്നതായിരുന്നു കക്ഷി നില. ഇക്കുറി തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും പ്രഗത്ഭരായ പലരും യു.ഡി.എഫ് വിട്ടു.

മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ചേർപ്പ് ഡിവിഷനിൽ സ്ഥാനാർത്ഥിയുമായിരുന്ന കെ. രാധാമണി ടീച്ചർ സി.പിഎമ്മിൽ ചേർന്നു. നിലവിൽ പഞ്ചായത്തംഗമായിരുന്ന എം.ആർ ഗോപി സി.പി.ഐയിലെത്തി. നേതാക്കളായ സി.എൻ സിദ്ധാർത്ഥൻ, ശാരിവാഹനൻ തുടങ്ങിയവർ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 25 വർഷം തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാധാമണി ടീച്ചർ പറഞ്ഞു. എൽ.ഡി.എഫിൽ നിന്നും കെ.എ മോഹൻദാസ്, ഇന്ദുലാൽ, ബി.ജെ.പിയുടെ ഷാജി കളരിക്കൽ, ബി.ഡി.ജെ.എസിൽ നിന്ന് പഞ്ചായത്തിലേക്ക് അനീഷ് സി.എം, നീതു ഷാജു, ബ്ളോക്ക് പഞ്ചായത്തിലേക്ക് സി.എ ശിവൻ തുടങ്ങിയ പ്രമുഖരാണ് മത്സരരംഗത്തുള്ളത്.