മാള: മാളയിൽ വിമത സ്ഥാനാർത്ഥിക്കൊപ്പം ഒറ്റ ബോർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുമായി പ്രചരണം. മാള പഞ്ചായത്തിലെ വിമത സ്ഥാനാർത്ഥി ജോഷി കാഞ്ഞൂത്തറയുടെ ചിഹ്നം പതിച്ച ബോർഡിലാണ് ബ്ലോക്ക് പഞ്ചായത്ത് മാള ഡിവിഷൻ സ്ഥാനാർത്ഥി എ.എ അഷറഫ്, വാർഡ് 15 ലെ സ്ഥാനാർത്ഥി യദുകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളും കൈപ്പത്തി ചിഹ്നവും ഉള്ളത്.
ഇവർ വരും എല്ലാം ശരിയാകും എന്ന തലവാചകത്തോടെയാണ് ബോർഡ് സ്ഥാപിച്ചത്. വാർഡ് 14 ൽ കോൺഗ്രസ് ജില്ലാ നേതൃത്വം ആദ്യം ഔദ്യോഗികമായി അംഗീകരിച്ച് ചിഹ്നം അനുവദിച്ചു നൽകിയ ജോഷി കാഞ്ഞൂത്തറയെ മാറ്റി എ വിഭാഗക്കാരനായ സെൻസൻ അറയ്ക്കലിനെ സ്ഥാനാർത്ഥിയായി അവസാന ദിവസം പ്രഖ്യാപിച്ച് ചിഹ്നം നൽകുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള ദിവസം കഴിഞ്ഞും നടത്തിയ ചർച്ചയും പരാജയപ്പെട്ടാണ് ജോഷി സ്വതന്ത്ര സ്ഥാനാർത്ഥിയായത്. ഉമ്മൻ ചാണ്ടി വരെയുള്ളവർ ഇടപെട്ടാണ് കാവനാട് വാർഡ് എ വിഭാഗത്തിന് നേടിയെടുത്തതെന്നാണ് ഈ വിഭാഗക്കാരുടെ വാദം.
ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പ്രകടമാക്കുന്ന അവസ്ഥയിലെത്തി. മണ്ഡലം കൺവെൻഷനിൽ നിന്ന് എ വിഭാഗം വിട്ടുനിൽക്കുകയും ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തനം കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് മാളയിലുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി ജോഷി കാഞ്ഞൂത്തറയുടെ ബോർഡിൽ കൈപ്പത്തി ചിഹ്നം പതിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ വന്നതുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ഡി.സി.സി.സെക്രട്ടറി കൂടിയായ ബ്ലോക്ക് മാള ഡിവിഷൻ സ്ഥാനാർത്ഥി എ.എ അഷറഫ് വ്യക്തമാക്കി.