 
കയ്പമംഗലം: കേരളത്തിന്റെ ഭാവി എൻ.ഡി.എ ആണെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം പെരിഞ്ഞനം യുമന ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് ബാലികേറാ മലയാകും. എൽ.ഡി.എഫ് നാഥനില്ലാ കളരിയാണെന്നും, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി കൊടുക്കാതെ ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാർക്കാണ് സർക്കാർ ജോലി കൊടുക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്തിന്റെ വികസന രേഖ കെ. സുരേന്ദ്രൻ നിയോജകമണ്ഡലം സെക്രട്ടറി കെ.ബി. അജയ്‌ഘോഷിന് നൽകി പ്രകാശനം ചെയ്തു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന സുധീർ സുലൈമാനെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് , ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ് ഹരിശങ്കർ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഹരി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സതീശൻ തെക്കിനിയേടത്ത്, പ്രിൻസ് തലാശ്ശേരി, രമേഷ് കൂട്ടാല എന്നിവർ സംസാരിച്ചു.