election

തൃശൂർ: കൊവിഡ് വ്യാപനം കാരണം കലാശക്കൊട്ടും പ്രചാരണ കോലാഹലങ്ങളുമില്ലാത്തതിനാൽ ആവേശം കെടാതെ കാത്തുസൂക്ഷിക്കാൻ മുന്നണികൾ നെട്ടോട്ടത്തിൽ. കലാശക്കൊട്ട് അനുവദിക്കാത്തതിനാൽ അവസാന ദിവസം സ്ഥാനാർത്ഥികൾ വീടു കയറി വോട്ട് തേടുന്ന തിരക്കിലാണ്.

ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാന അടവാണ് പ്രയോഗിക്കുന്നത്. കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള നല്ല മാർഗം വീട്ടിലെത്തിയുള്ള വോട്ട് തേടൽ തന്നെയാണെന്നാണ് സ്ഥാനാർത്ഥികളുടേയും നേതാക്കളുടേയും അഭിപ്രായം. കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് പ്രചാരണം ആഘോഷമാക്കുന്ന കാഴ്ചകളാണ് കടുത്ത മത്സരം നടക്കുന്ന തൃശൂർ കോർപറേഷനിൽ. സുരേഷ്ഗോപിയും ഉമ്മൻചാണ്ടിയും ചാണ്ടി ഉമ്മനും പന്ന്യൻ രവീന്ദ്രനുമെല്ലാമെത്തി പ്രചാരണവഴികളിൽ ഓളമുണ്ടാക്കുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് വാഹനങ്ങളും നിറഞ്ഞു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ വാഹനപര്യടനത്തിൽ പരിമിതമെങ്കിലും വാഹനറാലിയും പാട്ടും മേളവുമുണ്ട്. പൊതുസമ്മേളനങ്ങളിൽ തീപ്പൊരി പ്രസംഗം നടത്തി ഹരം കൊളളിച്ചിരുന്ന നേതാക്കളും സ്ഥാനാർത്ഥികളും വൈകിട്ട് ഫേസ്ബുക് ലൈവ് പ്രസംഗങ്ങളിലൊതുങ്ങി. വൈകിട്ട് ലൈവ് പ്രസംഗമുണ്ടാകുമെന്ന് മുൻകൂട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. അനിമേഷനും മറ്റും ഉപയോഗിച്ച് അനൗൺസ്‌മെന്റ്, വെർച്വൽ റാലി തുടങ്ങിയവയും പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിൽ സജീവമാണ്.

അനൗൺസ്‌മെന്റ് വാഹനം മുന്നോട്ടു പായുന്നതിന്റെ ദൃശ്യം അനിമേഷനിലൂടെ തയാറാക്കി, ബാനറുകളായി മുൻ മെമ്പർ ചെയ്ത വികസനപ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ ഒരുക്കിയാണ് പ്രചാരണം. വാർഡുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിലും വോട്ടർമാരുടെ മൊബൈലിലേക്ക് വാട്‌സ് ആപ്പിലൂടെ അയച്ചു കൊടുത്തും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ ശബ്ദ സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ വിശദീകരണങ്ങൾക്കായുളള കുടുംബയോഗങ്ങൾ വളരെ അപൂർവ്വമാണ്.

 ഗ്രാമങ്ങൾ ആരു നേടും

ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ കഴിഞ്ഞതവണ ഒമ്പതിടങ്ങളിൽ മാത്രമാണ് ജയിച്ചതെങ്കിലും ഇത്തവണ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. മൂന്ന് എം.പിമാരും ഒരു എം.എൽ.എയും മുന്നണിയെ നയിക്കുന്നുവെന്നതാണ് അവരുടെ ആത്മവിശ്വാസം. 86 ൽ 67 പഞ്ചായത്തുകളും കൈവശമുള്ളതിനാൽ സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായെന്നും അതിലൂടെ വിജയം ആവർത്തിക്കാമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ അവിണിശേരി പഞ്ചായത്തിൽ ഭരണത്തിലിരുന്ന ബി.ജെ.പി കൂടുതൽ ഗ്രാമങ്ങൾ ഭരിക്കുമെന്ന അവകാശവാദമുയർത്തുന്നു. ഏഴ് നഗരസഭകളിൽ ആറിലും ഇടത് ഭരണമാണ്. അതെല്ലാം കഴിഞ്ഞ കഥയെന്നാണ് യു.ഡി.എഫിന്റെ വാദം.

 പ്രചരണായുധം ഫലിക്കുമോ ?


വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം, ഒരാഴ്‌ചയ്ക്കിടെയുണ്ടായ എട്ട് രാഷ്ട്രീയ-ഗുണ്ടാ കൊലപാതകങ്ങൾ, ശബരിമല പ്രശ്നം, ക്ഷേത്രഭരണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ, പ്രാദേശിക വികസനം തുടങ്ങിയവയെല്ലാം പ്രചാരണായുധങ്ങളാക്കി. ഇതിൽ ഏത് ഫലിക്കുമെന്ന് കണ്ടറിയണം.