bdjs

തൃശൂർ: ഇടത്-വലത് മുന്നണികൾക്ക് വോട്ടർമാരെ സമീപിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എ തൃശൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എയെ പരാജയപ്പെടുത്താൻ യു.ഡി.എഫും എൽ.ഡി.എഫും അവിശുദ്ധ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞു. എന്നാൽ ഇതിനെ തകർത്ത് എൻ.ഡി.എ മികച്ച വിജയം നേടും. ദിവസം ചെല്ലും തോറും രാജ്യത്ത് കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സി.പി.എമ്മിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ വിവിധ കോർപറേഷനുകളും മറ്റ് നിരവധി തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുക എൻ.ഡി.എ ആയിരിക്കുമെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ അദ്ദേഹം ഷാൾ അണിയിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ, ബേബി റാം, ജില്ലാ സെക്രട്ടറി ഡി. രാജേന്ദ്രൻ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് അജിതാ സന്തോഷ് എന്നിവർ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. കാർത്തികേയൻ സ്വാഗതവും മണ്ഡലം സെക്രട്ടറി കെ.യു. വേണുഗോപാൽ നന്ദിയും പറഞ്ഞു.