വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ. കഴിഞ്ഞകാലങ്ങളിലെ വികസനങ്ങൾ നിരത്തിയും, പദ്ധതികളുടെ നടത്തിപ്പും, സർക്കാരിന്റെ ഭരണ നേട്ടവും നഗരസഭയ്ക്കായി പുതിയ ആസ്ഥാന മന്ദിരവും വടക്കാഞ്ചേരി പുഴയുടെ വീണ്ടെടുപ്പുമൊക്കെയാണ് പ്രചാരണത്തിനായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.
പദ്ധതികളുടെ പ്രഖ്യാപനവും, ഉദ്ഘാടനവുമല്ലാതെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫ് വാദം. സംസ്ഥാന സർക്കാരിന്റെ അഴിമതിയും, കള്ളക്കടത്തും വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ തട്ടിപ്പും ജനങ്ങളിലെത്തിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടിയും ജനങ്ങൾക്കായുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ എൻ.ഡി.എ സർക്കാരിന്റെ പങ്കും, പാവപ്പെട്ടവർക്കായി ഭവനം, ഇൻഷ്വറൻസ് .തുടങ്ങി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പങ്കുവച്ചാണ് എൻ.ഡി.എ കളത്തിലുള്ളത്. ഇടത് - വല ത് മുന്നണികളിൽ നിന്നും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും എൻ.ഡി.എ പറയുന്നു.
റിബലുകളാണ് ഇക്കുറി മുന്നണികൾക്ക് പ്രധാന തലവേദന. ഒട്ടുമിക്ക ഡിവിഷനുകളിലും റിബലുകളുടെ സാന്നിദ്ധ്യമുണ്ട്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് എന്നീ രണ്ടു സോണുകളിലായി ആകെ 41 ഡിവിഷനുകളാണ് വടക്കാഞ്ചേരി നഗരസഭയിലുള്ളത്. വടക്കാഞ്ചേരി നഗരസഭയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തിരുന്നു.
എൽ.ഡി.എഫിനായി മന്ത്രി എ.സി. മൊയ്തീനും, യു.ഡി.എഫിനായി അനിൽ അക്കര എം.എൽ.എയുമാണ് തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കുന്നത്. വീറും വാശിയോടെയുമുള്ള പ്രചാരണമാ ണ് മൂന്നു മുന്നണികളും നടത്തുന്നത്.
ഇപ്പോഴത്തെ കക്ഷിനില
എൽ.ഡി.എഫ്- 25
യു.ഡി.എഫ് - 15
ബി.ജെ.പി - 1