
പാവറട്ടി: ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ കൊവിഡ് ബാധിച്ച യുവതിയുടെ പ്രസവമെടുത്ത പാവറട്ടി സ്വദേശി ജെറീസിന് അഭിനന്ദന പ്രവാഹം. വിളക്കാട്ടുപാടം സ്വദേശിയും മലപ്പുറം തിരൂരങ്ങാടിയിൽ കനിവ് 108 ആമ്പുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനുമായ പി.കെ ജെറീസാണ് സമയോചിത ഇടപെടലിലൂടെ താരമായത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലൻസിൽ കൊവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കുന്ന വഴിയാണ് ഇത്തരത്തിൽ പ്രസവം നടന്നത്. ഈ മാസം 15 നായിരുന്നു യുവതിയുടെ പ്രസവ തീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാകാനെത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്.
മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ ആരോഗ്യനില വഷളാകുകയും ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ പരിചരണത്തിൽ യുവതി പ്രസവിക്കുകയുമായിരുന്നു. കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് റിയാസാണ് ജെറീസിനോടൊപ്പം ഉണ്ടായിരുന്നത്. പോന്നോര് കുരിയാക്കോസിന്റെയും റീനയുടെയും മൂത്ത മകനാണ് ജെറീസ്. നഴ്സിംഗ് പഠനം പൂർത്തീകരിച്ച് ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് 108 ആമ്പുലൻസിൽ എമർജൻസി ടെക്നീഷ്യനായത്. ഷെറി, ഷെബി എന്നിവർ സഹോദരങ്ങളാണ്.
ജിസമോൾ കൊല്ലപ്പെട്ടിട്ട് 15 വർഷം :
കോർപറേഷന് മുമ്പിൽ അമ്മയുടെ സത്യഗ്രഹം
തൃശൂർ: നഴ്സിംഗ് വിദ്യാർത്ഥി ജിസമോൾ കൊല്ലപ്പെട്ടിട്ട് 15 വർഷം തികയുന്ന ദിനത്തിൽ നിയമ വ്യവസ്ഥയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അമ്മ ബിന്നി ദേവസ്യ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സത്യഗ്രഹം നടത്തി. കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സത്യഗ്രഹത്തെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ അഭിവാദ്യം ചെയ്തു.
ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ശ്രീധരൻ തേറമ്പിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ജോർജ് മൂലേച്ചാലിൽ, ജോർജ് ജോസഫ്, കെ.എസ് ജോഷി, സന്തോഷ് അറക്കൽ, ആന്റോ കോക്കാട്, ജോണി വർഗീസ്, സുരേഷ് ചീരാത്ത് എന്നിവർ സംസാരിച്ചു. തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയും ചേറ്റുപുഴ പേഴത്തുമൂട്ടിൽ ദേവസ്യയുടെ മകളുമായ ജിസ മോളെ (21) 2005 ഡിസംബർ 5 നാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസമോൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകൾ നിരവധിയായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും വിദഗ്ദ്ധ പരിശോധനയിലെയും കണ്ടെത്തലുകൾ അത് സാധൂകരിക്കുന്നൂവെന്നും അമ്മ ബിന്നി ദേവസ്യ പറഞ്ഞു.
മരണ വിവരമറിഞ്ഞ് ജിസമോളുടെ അമ്മാവൻ ആന്റണി ചിറ്റാട്ടുകര എത്തുമ്പോൾ മൃതദേഹം താഴെ കിടത്തിയിരിക്കുകയായിരുന്നു. തൂങ്ങി മരണത്തിന്റേതായ യാതൊരു അടയാളവും ശരീരത്തിലുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഒ പൊസിറ്റീവായ പെൺകുട്ടിയുടെ ഉടുപ്പിൽ ബി പൊസിറ്റീവ് രക്തം കണ്ടെത്തിയിരുന്നു. ആദ്യം പൊലീസും പിന്നീട് 2017 ൽ സി.ബി.ഐയും ജിസമോളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണെത്തിയത്. ഇതിനെതിരെ സമർപ്പിച്ച പുന:പരിശോധനാ ഹർജി കോടതിയുടെ പരിഗണനയിലാണ്.