
തൃശൂർ : എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്തെ മുൻനിര നേതാക്കളെ രംഗത്തിറക്കി പ്രചാരണം. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി വിവിധ യോഗങ്ങളിലും കൺവെൻഷനിലും പങ്കെടുത്തു. എൻ.ഡി.എ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, വടക്കാഞ്ചേരി, തൃശൂർ, നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. കോർപറേഷനിൽ എൻ.ഡി.എ പ്രകടന പത്രികയും പ്രകാശനം ചെയ്തു. രണ്ട് ദിവസമായി ജില്ലയിലുള്ള സുരേഷ് ഗോപി എം.പി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പരിപാടികളിൽ പങ്കെടുത്തു. രണ്ട് ദിവസം തുടർച്ചയായി കോർപറേഷനിലെ എല്ലാ ഡിവിഷൻ സ്ഥാനാർത്ഥികൾക്ക് ഒപ്പവും റോഡ് ഷോയിൽ പങ്കെടുത്തും പ്രവർത്തകരിൽ ആവേശം വിതറി.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിക്കുന്ന നെട്ടിശേരിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 27 ഡിവിഷനിലൂടെ സഞ്ചരിച്ച് നാലു വീതം സ്ഥാനാർത്ഥികളെ റോഡ് ഷോയിൽ പങ്കെടുപ്പിച്ച് തേക്കിൻക്കാട് മൈതാനിയിലാണ് സമാപിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ജനറൽ സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വി.കെ കാർത്തികേയൻ, സെക്രട്ടറി വേണുഗോപാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. ഇന്ന് രാവിലെ പത്തിന് എൻ.ഡി.എ കോർപറേഷൻ സ്ഥാനാർത്ഥി സംഗമം വൃന്ദാവൻ ഹോട്ടലിൽ സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും.
യഥാർത്ഥ കമ്യൂണിസ്റ്റുകാർ പോലും ഇടതുപക്ഷത്തെ
കൈയൊഴിഞ്ഞ തിരഞ്ഞെടുപ്പ്: കെ.സി വേണുഗോപാൽ
തൃശൂർ: വിശക്കുന്നവരുടെയും പ്രയാസപ്പെടുന്നവരുടെയും അടയാളമായി അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ലഹരി കടത്തുകാരുടെയും അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തിന്റേയും കേന്ദ്രമായി അധ:പതിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു കെ.സി വേണുഗോപാൽ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ഇടത് സ്ഥാനാർത്ഥികളെ കൈയൊഴിഞ്ഞ തിരഞ്ഞെടുപ്പാണിത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീക്ഷകളെയും തകർത്ത ഭരണകൂടമാണ് പിണറായിയുടേതെന്നും കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, ടി.എൻ പ്രതാപൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, കെ.പി.സി.സി സെക്രട്ടറി അബ്ദുറഹ്മാൻകുട്ടി, കെ.പി.സി.സി സെക്രട്ടറിമാരായ ടി.ജെ സനീഷ് കുമാർ, സുനിൽ അന്തിക്കാട്, എൻ.കെ സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജു കോടങ്കണ്ടത്ത്, ഡി.സി.സി ഭാരവാഹികളായ ഐ.പി പോൾ, എം.എസ് ശിവരാമകൃഷ്ണൻ, ഇ.എം ശിവൻ, വിജയ് ഹരി, പി. ശിവശങ്കരൻ, കെ. അനിൽ കുമാർ, വി.എസ് ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.
സി.പി.എം നവമാദ്ധ്യമ സ്റ്റുഡിയോ ഉദ്ഘാടനം
തൃശൂർ : സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ നവമാദ്ധ്യമ സ്റ്റുഡിയോയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നിർവഹിക്കുന്നു. സെക്രട്ടറിയേറ്റ് അംഗം ബോബി ജോൺ, ജില്ലാ സെക്രട്ടറി എ.എം വർഗീസ്, എ.സി മൊയ്തീൻ, എൻ.ആർ ബാലൻ, പി.കെ ബിജു, എം.കെ കണ്ണൻ എന്നിവർ പങ്കെടുക്കും.