പാവറട്ടി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന നിമിഷങ്ങളിലേക്ക് അടുക്കുമ്പോൾ 55 വർഷമായി ഇടതുകോട്ടയായി നിൽക്കുന്ന എളവള്ളിയിൽ കാറ്റ് മാറി വീശുമോ? മുല്ലശ്ശേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ ഏറ്റവും നല്ല ഭരണം നടത്തിയ പഞ്ചായത്തെന്ന് എൽ.ഡി.എഫ് അവകാശവാദം ഉന്നയിക്കുന്ന എളവള്ളിയിൽ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് അണികളുടെയും നേതാക്കളുടെയും ആശങ്ക.

കഴിഞ്ഞ ഭരണ സമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായിരുന്ന ആലീസ് പോളും, ടി.ആർ. ലീലയും ഇത്തവണ പാർട്ടി തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് മുല്ലശ്ശേരി ബ്ലോക്കിലേക്ക് സ്വതന്ത്രരായി മത്സര രംഗത്തുണ്ട്. ഇവരുടെ ബ്ലോക്ക് ഡിവിഷന് കീഴിലുള്ള വാർഡുകളിലെല്ലാം ഗ്രാമ പഞ്ചായത്തിലേക്ക് യു.ഡി.എഫ് ശക്തമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുമെന്നാണ് കണക്കുകൂട്ടൽ.

നിർമ്മാണോദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും കോൺക്ലേവുകളും സെമിനാറുകളും മാത്രം നടത്തുകയും പ്രവൃത്തിയിൽ ഒന്നും ചെയ്യാത്ത ഒരു പഞ്ചായത്ത് ഭരണസമിതിയാണ് അഞ്ചു വർഷം ഭരിച്ചതെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് യു.ഡി.എഫ് പറയുന്നു. എന്നാൽ എല്ലാ തവണത്തെയും പോലെ ഇത്തവണയും എളവള്ളി ഇടതുകോട്ടയായി തുടരുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം.

ലൈഫ് ഭവന പദ്ധതിയും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളെല്ലാം ഇത്തവണയും എളവള്ളിയെ ഇടതുപക്ഷ കോട്ടയ്ക്ക് വിള്ളലേൽക്കാതെ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി അക്കൗണ്ട് തുറന്ന എൻ.ഡി.എ സീറ്റുകൾ അധികം നേടാനാകുമെന്ന വിശ്വാസത്തിലാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും തന്നെയാണ് പ്രധാന പ്രചാരണ വിഷയം.

ആകെ - 16

സി.പി.എം- 9

സി.പി.ഐ - 2

കോൺഗ്രസ് - 2

ബി.ജെ.പി - 1

സ്വതന്ത്രർ - 2