
കൊവിഡ് വൈറസ് മണ്ണായ മണ്ണിലെല്ലാം എഴുന്നളളിപ്പിനായി അണിനിരന്നതോടെ പൂരങ്ങളുടെ നാട്ടിൽ ഇലക്ഷൻപൂരം പൊടി പാറുകയാണ്. തിരഞ്ഞെടുപ്പ് പഴയ തിരഞ്ഞെടുപ്പല്ല. ചിലയിടങ്ങളിൽ ഭക്തിസാന്ദ്രമാണ്. ചിലപ്പോൾ വിപ്ളവസ്മരണകളുയർത്തുന്നതും. പൂരപ്പറമ്പുകളെല്ലാം പുല്ലു മുളച്ച് വിജനമായെങ്കിലും കൊടികുത്താനും ബാനറുകൾകെട്ടാനും വേണ്ടി എല്ലാം ഒന്നിളക്കിമറിച്ചു. ശബരിമല പ്രശ്നവും ക്ഷേത്രഭരണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളുമെല്ലാം മൈക്ക് കെട്ടിവെച്ച വണ്ടിയിൽ മുഴങ്ങിയതോടെ പ്രചാരണകാലത്തിൽ ഭക്തിരസം കലർന്നു. ഇതിനിടെ, കൊവിഡ് നിയന്ത്രണം നിലനിൽക്കെ ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് ദേവസ്വം മന്ത്രിയുടെ ഭാര്യ അടക്കമുള്ളവർ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തതോടെ വീണ്ടും ക്ഷേത്രകാര്യങ്ങളിലായി നേതാക്കളുടെ ശ്രദ്ധ. ആചാരം സംരക്ഷിക്കുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തവരെല്ലാം അതെല്ലാം ലംഘിക്കുന്നുവെന്നാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷങ്ങൾ ഉയർത്തുന്ന ആരോപണം. അനേകായിരം ഭക്തർ ദർശനം നടത്താനാകാതെ വീടുകളിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ അധികാരം വിനിയോഗിച്ച് ക്ഷേത്രത്തിനുള്ളിൽ കടക്കുന്നുവെന്നും പറയുന്നു. എന്തായാലും, വികസനവും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം വഴി മാറി വിശ്വാസത്തിലും വിശ്വാസരാഹിത്യത്തിലും പ്രചാരണങ്ങൾ കേന്ദ്രീകരിക്കുന്നു എന്ന് ചുരുക്കം. മണ്ഡലമാസമായതിനാൽ ശബരിമലയിലുണ്ടായ കോലാഹലങ്ങളും മൈക്കിലൂടെ പുറത്തുവരുന്നുണ്ട്. ഇതിൽ ഏതെല്ലാം ഫലിക്കുമെന്നും ആർക്കെല്ലാം തുണയ്ക്കുമെന്നും കണ്ടറിയണം.
എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചെങ്കൊടി നാടെങ്ങും പാറിച്ചതിന്റെ വീര്യം തൃശൂരിലെ ഇടതു കോട്ടയ്ക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും പിടിച്ചെടുത്ത ബലത്തിൽ കനത്ത തിരിച്ചടി കൊടുക്കാമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തേരോട്ടം നടത്തിയതിന്റെ ഊർജ്ജം പ്രസരിപ്പിച്ചാണ് എൻ.ഡി.എയുടെ കുതിപ്പ്.
മുന്നണികളുടെ വേദന കലാശക്കൊട്ടില്ലാത്തതാണ്. അണികൾ ആവേശമില്ലാതെ തണുത്തുറഞ്ഞ് പോയാൽ വോട്ടുവീഴാതെ വരും. ആർപ്പുവിളികളും ബഹളങ്ങളും കൊട്ടും പാട്ടും വായ്ത്താരിയും വാക്കേറ്റവുമെല്ലാം പുട്ടിന് പീരയെന്നോണം ഉയർത്തിവിട്ടാലേ തിരഞ്ഞെടുപ്പുകാലം കൊഴുക്കൂ. അങ്ങനെ മുന്നണികൾ ഒരു തീരുമാനമെടുത്തു, വീടായ വീടുകളിലെല്ലാം വീണ്ടും വീണ്ടും കയറി നടക്കുക തന്നെ. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥികൾ വീടുകയറി വീണ്ടും വീണ്ടും വോട്ടുതേടുന്ന തിരക്കിലാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാന അടവാണ് പ്രയോഗിക്കുന്നത്. കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള നല്ല മാർഗം വീട്ടിലെത്തിയുള്ള വോട്ടുതേടൽ തന്നെയാണെന്നാണ് സ്ഥാനാർത്ഥികളുടേയും നേതാക്കളുടേയും അഭിപ്രായം.
നിരനിരയായ് നേതാക്കൾ
കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് പ്രചാരണം ആഘോഷമാക്കുന്ന കാഴ്ചകളാണ് കടുത്ത മത്സരം നടക്കുന്ന തൃശൂർ കോർപറേഷനിൽ. സുരേഷ്ഗോപിയും ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും പന്ന്യൻ രവീന്ദ്രനുമെല്ലാമെത്തി പ്രചാരണവഴികളിൽ ഓളമുണ്ടാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ മുക്കിലും മൂലയിലും അനൗൺസ്മെന്റ് വാഹനങ്ങളും നിറഞ്ഞു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ വാഹനപര്യടനത്തിൽ പരിമിതമെങ്കിലും വാഹനറാലിയും പാട്ടും മേളവുമുണ്ട്. പൊതുസമ്മേളനങ്ങളിൽ തീപ്പൊരി പ്രസംഗം നടത്തി ഹരം കൊള്ളിച്ചിരുന്ന നേതാക്കളും സ്ഥാനാർത്ഥികളും വൈകിട്ട് ഫേസ്ബുക് ലൈവ് പ്രസംഗങ്ങളിലൊതുങ്ങി. വൈകിട്ട് ലൈവ് പ്രസംഗമുണ്ടാകുമെന്ന് മുൻകൂട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. അനിമേഷനും മറ്റും ഉപയോഗിച്ച് അനൗൺസ്മെന്റ്, വെർച്വൽ റാലി തുടങ്ങിയവയും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ സജീവമാണ്. അനൗൺസ്മെന്റ് വാഹനം മുന്നോട്ടു പായുന്നതിന്റെ ദൃശ്യം അനിമേഷനിലൂടെ തയാറാക്കി, മുൻ മെമ്പർ ചെയ്ത വികസനപ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ ബാനറുകളായി  ഒരുക്കിയാണ് പ്രചാരണം. വാർഡുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിലും വോട്ടർമാരുടെ വാട്സ് ആപ്പിലും സന്ദേശങ്ങൾ അയച്ചുകൊടുത്തും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ ശബ്ദസന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ വിശദീകരണങ്ങൾക്കായുളള കുടുംബയോഗങ്ങൾ വളരെ അപൂർവമാണ്.
വാഗ്ദാനങ്ങൾ വരിവരിയായി
തിരഞ്ഞെടുപ്പിന് മുന്നോടിയായി മാനിഫെസ്റ്റോ പുറത്തിറക്കിയിട്ടുണ്ട് മുന്നണികൾ. വാഗ്ദാനങ്ങൾ വാരിക്കോരി തന്നിരിക്കുന്നു. തൃശൂർ കോർപറേഷനെ ക്ലീൻ സിറ്റിയാക്കി മാറ്റുന്നതിന് പ്രഥമ പരിഗണന നൽകി കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ആധുനിക ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മാലിന്യമുക്തമായ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും ജി.പി.എസ് സംവിധാനങ്ങളുടെ സഹായത്തോടെ മാലിന്യനീക്കം ക്രമപ്പെടുത്തുമെന്നുമെല്ലാം പറയുന്നു. എല്ലാവരും സ്വപ്നപദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. സ്വപ്നം കാണുന്നതിന് പണം കൊടുക്കേണ്ടതില്ലല്ലോ. പദ്ധതികളെല്ലാം യാഥാർത്ഥ്യമായാൽ പിന്നെ വാഗ്ദാനം നൽകാൻ പദ്ധതികളുണ്ടാവില്ലല്ലോ എന്ന് പറയുന്ന നിഷ്കളങ്കരുമുണ്ട്, പാവം രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ.