
തൃശൂർ: തിരഞ്ഞെടുപ്പിൻ്റെ ശബ്ദപ്രചാരണം കഴിഞ്ഞ് കോലാഹലങ്ങളില്ലാത്ത കലാശക്കൊട്ടിലെത്തുമ്പോൾ, ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിൽ. കൊവിഡ് വ്യാപനത്തിൻ്റെ കണക്കിൽ സംസ്ഥാനത്ത് മുന്നിലുളള ആദ്യ ജില്ലകളിൽ ഒന്നായ തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തിരക്കേറിയിട്ടുണ്ട്.
ചില നേതാക്കളും പ്രവർത്തകരും പലപ്പോഴും കൊവിഡ് മാർഗനിർദ്ദേശം അറിഞ്ഞും അറിയാതെയും ലംഘിക്കുന്നതായി പൊലീസ് പറയുമ്പോഴും നടപടികൾ ശക്തമാക്കാൻ കഴിയുന്നുമില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ ദിവസം പലയിടത്തും പ്രവർത്തകർ റോഡിൽ ഇറങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഞായറാഴ്ചയും വലിയ തിരക്കായിരുന്നു. വോട്ടർമാർ വീടുകളിൽ ഉണ്ടാകുമെന്നത് മുന്നിൽക്കണ്ട് രാവിലെ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തകരുടെ തിരക്കായിരുന്നു. സ്ഥാനാർത്ഥിയുമായുള്ള റോഡ് ഷോയും ചിലയിടങ്ങളിൽ ബൈക്ക് റാലിയുമുണ്ടായിരുന്നു. വീടുകളിൽ കയറാനുള്ള സ്ക്വാഡിൽ ചിലയിടങ്ങളിൽ അഞ്ച് പേരിൽ കൂടുതലുണ്ടായിരുന്നതായും പറയുന്നു. അതേസമയം, സംസ്ഥാന നേതാക്കൾ കൂടുതലെത്തിയതും പ്രവർത്തകരുടെ തിരക്കിന് കാരണമായി. മാളുകളിലും പൊതുസ്ഥലങ്ങളിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജനങ്ങളെത്തുന്നുണ്ട്. കച്ചവട കേന്ദ്രങ്ങളിലും തിരക്കേറി.
കൊവിഡ് : സാക്ഷ്യപ്പെടുത്താൻ ഹെൽത്ത് ഇൻസ്പെക്ടർ
കൊവിഡ്19 രോഗബാധിതരായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി അനുവദിക്കുന്ന പ്രത്യേക തപാൽ ബാലറ്റിനോടൊപ്പം സമ്മതിദായകൻ സമർപ്പിക്കേണ്ട ഫോറം 16 ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താനുള്ള ചുമതല ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുമാണ്. ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും എല്ലാ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുമാണ് ഇതിന്റെ ചുമതലയും അധികാരവും നൽകിയിരിക്കുന്നത്.
'' അവരവരുടെ അധികാരാതിർത്തിക്കുള്ളിൽ താമസിക്കുന്ന പ്രത്യേക തപാൽ വോട്ട് വഴി സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹതയുള്ള എല്ലാവർക്കും ഫോറം 16 ലുള്ള സത്യപ്രസ്താവന യാതൊരു തടസവുമില്ലാതെ യഥാസമയം സാക്ഷ്യപ്പെടുത്തി ലഭിച്ചിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഉറപ്പാക്കേണ്ടതാണ് ''
എസ്. ഷാനവാസ്
കളക്ടർ, വരണാധികാരി
വീട്ടമ്മമാർ തുണച്ചാൽ...
കൊവിഡ് കാലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള പ്രചാരണം കൂടുതൽ ഗുണകരമാകുമെന്ന് കരുതുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. പുതുക്കിയ വോട്ടർപട്ടിക പ്രകാരം പുരുഷന്മാരേക്കാൾ ഒന്നര ലക്ഷത്തിലേറെ സ്ത്രീകൾ ജില്ലയിലുണ്ട്. സ്ത്രീകളുടെ വോട്ടുകൾ തന്നെയാണ് ജില്ലയിൽ നിർണ്ണായകമാവുക. അതുകൊണ്ടു തന്നെ വീട്ടമ്മമാരുടെ വോട്ട് നേടാനുള്ള മത്സരമാണ് നടക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് തൃശൂർ. 1,000 പുരുഷന്മാർക്ക് 1,099 സ്ത്രീകളാണുള്ളത്. സ്ഥാനാർത്ഥികളിലും സ്ത്രീപ്രാതിനിധ്യം കൂടുതലാണ്.