tn-prathapan-mp
പോളിംഗ് ഓഫീസർ ടി.എൻ പ്രതാപൻ എം.പിക്ക് സ്പെഷൽ ബാലറ്റ് കൈമാറുന്നു

തൃപ്രയാർ: കൊവിഡ് സ്പെഷ്യൽ ബാലറ്റിനുള്ള പട്ടികയിൽ ഉൾപ്പെട്ട ടി.എൻ പ്രതാപൻ എം.പിക്ക് പോളിംഗ് ഓഫീസറെത്തി ബാലറ്റ് കൈമാറി. 19 ന് കൊവിഡ് സ്ഥിരീകരിച്ച എം.പിയും, ഭാര്യയും പത്ത് ദിവസം ഹോം ഐസലേഷനിലായിരുന്നു. നാട്ടിക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആൻ്റിജൻ ടെസ്റ്റ് നടത്തിയതോടെ നെഗറ്റീവായി. അതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഏഴ് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും, കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് കൊവിഡ് സ്പെഷ്യൽ ബാലറ്റിനുള്ള പട്ടികയിൽ ടി.എൻ പ്രതാപൻ എം.പിയേയും, ഭാര്യയേയും ഉൾപ്പെടുത്തി ബാലറ്റ് പേപ്പറുമായി സ്പെഷ്യൽ പോളിംഗ് ഓഫീസർ കെ..എസ് രാജി, അസി. സി..സി ജയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ റനീഷ് കെ..ആർ എന്നിവരുൾപ്പെടുന്ന സംഘം രാവിലെ എം.പിയുടെ വസതിയിലെത്തിയത്.

യാദൃശ്ചികമായി അതേ സമയത്ത് പ്രതാപനോടൊപ്പം കൊവിഡ് ബാധിച്ച് ക്വാറന്റൈൻ കാലാവധി ഒരേ സമയം പിന്നിട്ട മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദും സന്നിഹിതനായിരുന്നു. മുഹമ്മദ് റഷീദിനെ ഇതേവരെ ആ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയ എം.പി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരുത്തരവാദപരമായ നിലപാടാണിതെന്ന് അഭിപ്രായപ്പെട്ടു.