തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ അങ്കലാപ്പിലായി യു.ഡി.എഫ്. കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ മൂലം ഭരണം നിലനിറുത്താനാവുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ. ഗ്രൂപ്പ് തമ്മിലടി പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ ശക്തമായ സാന്നിദ്ധ്യവും യു.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
10 വർഷമായി യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 14 വാർഡുകളിൽ യു.ഡി.എഫ് 9, എൽ.ഡി.എഫ് 4, ബി.ജെ.പി 1 എന്നതായിരുന്നു കക്ഷിനില. സീറ്റു തർക്കത്തെ തുടർന്ന് നിലവിൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ചക്രപാണി പുളിക്കൽ രാജിവെച്ചതും ന്യൂനപക്ഷ സെൽ ജില്ലാ ഭാരവാഹിയായിരുന്ന പി.എസ്.പി നസീർ എൽ.ഡി.എഫിലേക്ക് പോയതും പാർട്ടിയിൽ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്നും പുറത്തായ മഹിളാ കോൺഗ്രസ് നേതാവ് സുബില പ്രസാദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി അഞ്ചാം വാർഡിൽ മത്സരിക്കുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ കോൺഗ്രസിലെ തന്നെ കെ.ജെ യദുകൃഷ്ണ റിബൽ സ്ഥാനാർത്ഥിയാണ്. എന്നാൽ തങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഹാട്രിക്ക് വിജയത്തിലേക്കെത്തിക്കുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. അതേസമയം ഇത്തവണ ഭരണത്തിലേറുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. എൻ.ഡി.എ യാണെങ്കിൽ അംഗസംഖ്യ കൂട്ടാനുള്ള തയ്യാറെടുപ്പിലും.
മിക്ക വാർഡുകളിലും ത്രികോണ മത്സരമാണ്. 10 വർഷമായി യു.ഡി.എഫ് അഴിമതിയിൽ മുങ്ങിക്കുളിച്ചതായാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണം. നാട്ടികയിൽ ഒരു വികസന പ്രവർത്തനവും യു.ഡി.എഫ് നടത്തിയില്ല. കുടിവെള്ള പ്രശ്‌നം പരിഹരിച്ചില്ല. 100 ദിന കർമ്മപരിപാടി എന്ന പേരിൽ എം.എ യൂസഫലി നൽകിയ 35 ലക്ഷം രൂപ പലർക്കുമായി വിതരണം ചെയ്തു. ഇതിന്റെ യാതൊരു കണക്കും അവതരിപ്പിച്ചില്ല. കഴിഞ്ഞ ഓണത്തിന് ഉന്നം പദ്ധതിയുടെ പേരിൽ യൂസഫലിയുടെ പത്‌നി നല്കിയ ഓണക്കിറ്റുകളിൽ ആയിരം കിറ്റുകൾ വിതരണം ചെയ്യാതെ മുക്കി. പദ്ധതിയിൽ കോൺഗ്രസ് അഴിമതി നടത്തിയതായി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ നിരന്തര സമരവുമായി രംഗത്തെത്തി. ഗീതഗോപി എം.എൽ.എ തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി നൽകിയ 5 കോടി രൂപ വിനിയോഗിച്ചില്ല. ആർ.ടി.ഓഫീസ്, ഫയര്‍സ്റ്റേഷൻ തുടങ്ങി നാട്ടികയിൽ നടപ്പാക്കിയ പല വികസന പ്രവർത്തനങ്ങൾക്കും യു.ഡി.എഫ് ഭരണസമിതി തുരങ്കം വെച്ചതായും പ്രതിപക്ഷം ആരോപിക്കുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ അനിൽ പുളിക്കൽ, പി.എം സിദ്ദിക്ക്, മുസ്ലീം ലീഗിലെ കെ. എ. ഷൗക്കത്തലി, ബി.ജെ.പി നാട്ടിക നിയോജകമണ്ഡലം ജന. സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ, സുരേഷ് ഇയ്യാനി, പത്താം വാർഡിൽ ബി.ഡി.ജെ.എസിന്റെ ദീപ അനിൽകുമാർ തുടങ്ങിയ പ്രമുഖരാണ് മത്സരരംഗത്തുള്ളത്.