sc

തൃശൂർ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നും അതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ തന്നെ ഹർജി ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകി. കാർഷിക നിയമം നടപ്പാക്കാത്തതിന് കേന്ദ്രം എന്ത് നടപടി സ്വീകരിച്ചാലും നേരിടുമെന്നും മന്ത്രി പറഞ്ഞു

കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ്. ഏകപക്ഷീയമായി നിയമം നിർമ്മിക്കാൻ കേന്ദ്രത്തിന് അധികാരമില്ല. ഏകപക്ഷീയമായി പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരിൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുകയാണ് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി ഭരണഘടനാ ലംഘനമാണ് കേന്ദ്രം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച്,​ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിൽ കൂട്ടായി സമ്മർദ്ദം ചെലുത്തും. കേന്ദ്രം പാസാക്കുന്ന നിയമങ്ങളിൽ ഏതെങ്കിലും വ്യവസ്ഥകൾ പ്രതികൂലമാണെങ്കിൽ അതിനെതിരെ നിയമനിർമ്മാണം നടത്താൻ ഭരണഘടനയുടെ 304 (ബി) വകുപ്പ് പ്രകാരം സംസ്ഥാനത്തിനുള്ള അധികാരം പ്രയോജനപ്പെടുത്തും.

രാജ്യത്തിന്റെ ഭക്ഷ്യപരമാധികാരം കുത്തകകൾക്ക് അടിയറ വയ്‌ക്കുന്നതാണ് കാർഷിക നിയമങ്ങൾ. പാർലമെന്റിൽ ചർച്ച ചെയ്യാതെ കുത്തകകളുമായി ആലോചിച്ചാണ് കേന്ദ്രം അത് തയ്യാറാക്കിയത്. ഭേദഗതി വേണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാത്തത് അതുകൊണ്ടാണ്. നിയമം നടപ്പാകുന്നതോടെ വിത്ത് മുതൽ ഭക്ഷ്യോൽപാദനത്തിന്റെ എല്ലാ മേഖലകളും കോർപറേറ്റുകളുടെ കൈയിലാവും. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാധികാരം പൂർണമായും അവർ കൈയടക്കും.അതോടെ കേരളത്തിന്റെ പൊതുവിതരണ സംവിധാനം ഉൾപ്പെടെ അട്ടിമറിക്കപ്പെടും. സഹകരണ മേഖലയിലൂടെ കേന്ദ്രത്തിന്റെ കോർപറേറ്റ് നയങ്ങളെ ചെറുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന്റെയും നീക്കം.കേന്ദ്ര നിയമത്തിൽ മറ്റു വകുപ്പുകളും ഉൾപ്പെടുന്നതിനാൽ കൃഷിവകുപ്പ് തയ്യാറാക്കിയ ഫയൽ മുഖ്യമന്ത്രിക്കു നൽകിയിരുന്നു. മുഖ്യമന്ത്രി പരിശോധിച്ചാണ് അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയത്.