
പുതുക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാഗ്യലക്ഷ്മി വിജയൻ ജന്മനാലുള്ള തന്റെ വൈകല്യത്തെ വകവയ്ക്കാതെയുള്ള പോരാട്ടത്തിലാണ്. ജന്മനാൽ ഇടതുകൈ മുട്ടിന് താഴെ ഉണ്ടായിരുന്നില്ല. പതിനാലാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് ഭാഗ്യലക്ഷ്മി. അതൊരു കുറവായി ഭാഗ്യലക്ഷ്മി കരുതുന്നുമില്ല. കുടുംബിനിയായ അവർക്ക് വെള്ളം കോരൽ, മുളക് അരയ്ക്കൽ തുടങ്ങിയ വീട്ടുജോലികൾക്കൊന്നും കൈ ഇല്ലാത്തത് തടസമാകുന്നുമില്ല.
പിന്നെയല്ലേ തിരഞ്ഞെടുപ്പെന്നാണ് അവരുടെ അഭിപ്രായം. മാപ്രാണം സ്വദേശിയായ ഭാഗ്യലക്ഷ്മിയെ ഇലത്താള കലാകാരനായ തെക്കെ തൊറവ് സ്വദേശി പെരുംപഴഞ്ഞി വീട്ടിൽ വിജയനാണ് വിവാഹം കഴിച്ചത്. 2018 ലെ പ്രളയത്തിൽ ഇവരുടെ വീട് പൂർണ്ണമായും തകർന്നിരുന്നു. വീട് പുനർനിർമ്മിക്കാൻ സർക്കാരിന്റെ ഒരു സഹായവും ഇവർക്ക് ലഭ്യമായില്ലെന്ന് പറയുന്നു. വാടക വീട്ടിലാണ് ഇപ്പോഴും താമസം. കൊവിഡ് വ്യാപനം മൂലം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ വാദ്യകലാകാരനായ വിജയനും തൊഴിലില്ലാതായി. വിദ്യാർത്ഥികളായ രണ്ട് മക്കൾ ഉൾപ്പെട്ട കുടുംബം പോറ്റാൻ കൂലിപ്പണി ചെയ്യുകയാണ് വിജയൻ. മുൻകാലങ്ങളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഭാഗ്യലക്ഷ്മിയെ ഇത്തവണ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം അർഹരായവരിലെത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കടുത്ത ത്രികോണ മത്സരം നടക്കുന്ന പതിനാലാം വാർഡിൽ ഇടതുപക്ഷ, കോൺഗ്രസ് സ്ഥാനാർത്ഥികൾ സഹോദര ഭാര്യമാരാണെന്ന പ്രത്യേകത കൂടിയുണ്ട്.