ചാവക്കാട്: ചേറ്റുവ കടവിനടുത്ത് ദേശീയ പാതയിൽ മുറിച്ചിട്ടിരിക്കുന്ന വലിയ ആര്യവേപ്പിന്റെ തടികൾ നാഥനില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദേശീയപാതയുടെ പല ഭാഗത്തും മുറിച്ചിട്ട മരത്തടികൾ ലേലം ചെയ്ത് കൊടുക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കാതെ റോഡ് സൈഡിൽ കിടന്ന് ദ്രവിച്ച് കേടായി പോകുകയാണ്.
രണ്ട് വർഷം മുമ്പ് ചേറ്റുവ പാലത്തിനടുത്ത് ശക്തമായ കാറ്റിന് വീണ വേപ്പ് മുറിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മുന്നിൽ കൊണ്ടിട്ടത് ഇതുവരെയും ലേലം ചെയ്തിട്ടില്ല. അടിയന്തരമായി മുറിച്ചിട്ട മരത്തടികളും റോഡ് സൈഡിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ലേലം ചെയ്ത് കൊടുക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.