
തൃശൂർ: ശബ്ദപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ മുന്നിലെത്താനുള്ള പോരാട്ടത്തിൽ വോട്ടുകൾ പെട്ടിയിലാക്കാൻ തലങ്ങും വിലങ്ങും പായുകയാണ് മുന്നണികൾ. തെക്കൻ ജില്ലകളിൽ പലയിടത്തും അതിരു വിട്ട രീതിയിൽ പ്രവർത്തകർ റോഡിലിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്. ശബ്ദപ്രചരണം തീരാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ മൂന്ന് മുന്നണികളും വാശിയേറിയ പോരാട്ടത്തിലാണ്. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മേധാവിത്വം എൽ.ഡി.എഫിനായിരുന്നു. എന്നാൽ ഇത്തവണ മൂന്നു മുന്നണികളും ശക്തമായി പ്രചാരണ രംഗത്തുണ്ട്.
ജില്ലാ പഞ്ചായത്ത്
29 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് പൊരുതുമ്പോൾ 2015ൽ നഷ്ടപെട്ട അധികാരം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. 20 സീറ്റ് കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ്. രണ്ട് മുന്നണികൾക്ക് ഒപ്പം എൻ.ഡി.എയും ശക്തമായി രംഗത്തുണ്ട്. ഇത്തവണ പല സ്ഥലങ്ങളിലും അട്ടിമറി ഉണ്ടാകുമെന്നാണ് എൻ.ഡി.എ അവകാശവാദം.
കോർപറേഷൻ
ഏവരും ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പോരാട്ടമാണ് കോർപറേഷനിൽ. 55 അംഗ കൗൺസിലിൽ കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും സ്വതന്ത്രന്മാരെയും കോൺഗ്രസ് വിമതനെയും കൂടെ നിറുത്തിയാണ് എൽ.ഡി.എഫ് ഭരണം പൂർത്തിയാക്കിയത്. ഇത്തവണ പകുതിയിലേറെ ഡിവിഷനുകളിൽ ശക്തമായ ത്രികോണ മത്സരമാണ്. അതുകൊണ്ട് ഭരണം ആരു പിടിക്കും എന്നത് സംബന്ധിച്ച് അനിശ്ചിതത്വമേറെ. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കടുത്ത പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്.
നഗരസഭകൾ
ഏഴിൽ ആറും ഇടതുപക്ഷത്തിന്റെ കൈവശമാണെങ്കിലും ഇക്കുറി കടുത്ത പോരാട്ടമാണ് എല്ലായിടത്തും. തുല്യമായ സീറ്റുകളുള്ള ഇരിങ്ങാലക്കുടയിൽ നറുക്കെടുപ്പിലൂടെയാണ് യുഡി.എഫിന് ഭരണം ലഭിച്ചത്. എന്നാൽ ഇത്തവണ എല്ലാ നഗരസഭകളിലും പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോൾ പ്രവചനാതീതമായ നിലയിലാണ് പോരാട്ടം. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലും ഇക്കുറി വാശിക്ക് ഒട്ടും കുറവില്ല. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് അവകാശപെടുന്നു. പക്ഷേ, സാഹചര്യം മാറിയെന്നും നഷ്ടപ്രതാപം വീണ്ടെടുക്കാൻ സാധിക്കുമെന്നുമാണ് യു.ഡി.എഫിന്റെ പക്ഷം. അതേസമയം പല പഞ്ചായത്തുകളും ഇത്തവണ എൻ.ഡി.എ ഭരിക്കുമെന്നാണ് മുന്നണി നേതാക്കൾ പറയുന്നത്.