പുതുക്കാട്: പുതുക്കാട് നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം ആര് ഭരിക്കും..? തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുക്കാട് പഞ്ചായത്ത് ഭരണം ആര് പിടിക്കുമെന്നതിന് ഏറെ പ്രസക്തിയുണ്ട്. ഭരണം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും കിണഞ്ഞു പരിശ്രമിക്കുമ്പോൾ ശുഭാപ്തി വിശ്വാസത്തിൽ എൻ.ഡി.എയും പ്രചാരണ രംഗത്തുണ്ട്.
15 വാർഡുകളിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ഏഴു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി അംഗം ആരെയും പിന്തുണക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ അമ്പിളി ശിവരാജൻ പ്രസിഡന്റായി. രണ്ടുതവണ അംഗമായ അമ്പിളി ശിവരാജന് ഇത്തവണ സി.പി.എം ടിക്കറ്റ് നൽകിയില്ല. ഗ്രൂപ്പ് സമവാക്യങ്ങളും തർക്കങ്ങളിലും ഉടക്കി നിന്ന യു.ഡി.എഫ് സീറ്റ് ചർച്ച അവസാന നിമിഷം മാറി മറിഞ്ഞു.
രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അവസാന നിമിഷം ഡി.സി.സി പ്രസിഡന്റ് മാറ്റി. ആദ്യം നിശ്ചയിച്ച ആൾ പിൻവലിച്ചതിനാൽ റിബൽ ശല്യം ഉണ്ടായില്ല. ഒമ്പതാം വാർഡിൽ സി.പി.എമ്മിന്റെ മുൻ ഗ്രാമ പഞ്ചായത്ത് അംഗം, സിജോ പൂണത്ത് സ്വതന്ത്രനായി മത്സര രംഗത്ത് എത്തിയത് എൽ.ഡി.എഫിനും തലവേദനയാണ്.
സിജോ പൂണത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും സിജോ മത്സര രംഗത്ത് സജീവമാണ്. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ പ്രസിഡന്റാകാനുള്ള മോഹവുമായി ഡി.സി.സി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ മത്സരരംഗത്തുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ജോൺസൺ കാഞ്ഞിരത്തിങ്കൽ പതിനഞ്ചാം വാർഡിലും, മകൻ 21 വയസുള്ള നിയമ വിദ്യാർത്ഥി വൈശാഖ് രണ്ടാം വാർഡിലും സ്വതന്ത്രരായി മത്സര രംഗത്ത് ശക്തമായ പ്രചരണം നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനെ വെല്ലുന്ന വീറും വാശിയുമോടെയാണ് മുന്നണികൾ പ്രചാരണ രംഗത്തുള്ളത്.