ചാവക്കാട്: വിവിധ തൊഴിൽ മേഖലകളെ ഉയിത്തെഴുന്നേൽപ്പിക്കുകയാണ് അനൗൺസ്മെന്റ് മേഖല. റെക്കാഡിംഗ് സ്റ്റുഡിയോ, അനൗൺസർമാർ, വാഹനം, ഗായകർ, ഡ്രൈവർമാർ എന്നിവരുൾപ്പെടെ ഒരു കൂട്ടം തൊഴിലാളികൾക്കാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള അനൗൺസ്മെന്റ് രംഗം ജീവവായു നൽകുന്നത്.

എട്ട് മാസത്തിലധികമായി തൊഴിലില്ലാതെ ഇരുന്ന ശബ്ദ സംവിധാനങ്ങൾ വോട്ടെടുപ്പ് എത്തിയതോടെയാണ് ചെറിയ ഉണർവിലെത്തിയത്. മാസങ്ങളായി പൊടി പിടിച്ചിരുന്ന ശബ്ദ, വെളിച്ച സംവിധാനങ്ങൾ തിരഞ്ഞെടുപ്പിന്റെ അനൗൺസ്‌മെന്റ് തുടങ്ങിയതോടെ ഉഷാറായി.

വോട്ടെടുപ്പ് ദിവസം അടുത്തെത്തിയതോടെ ഓരോ വാർഡുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വാഹനങ്ങൾ തലങ്ങും,വിലങ്ങും ഓടിത്തുടങ്ങി. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിച്ചുള്ള പാട്ടുകളും,അനൗൺസ്‌മെന്റ്കളുമായാണ് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്.

വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കായി പാർട്ടിക്കാർ പല സ്ഥലത്തും ഒരു വാഹനമാണ് ഏർപ്പെടുത്തുന്നത്. ഇത് നാലോ, അഞ്ചോ വാർഡുകളിലേക്ക് ഓടും. അനൗൺസ്‌മെന്റ് തുടങ്ങിയതോടെ ടാക്‌സി വാഹങ്ങൾക്കും അനുഗ്രഹമായി. മേഖലയിൽ ജീപ്പുകളാണ് കൂടുതലും അനൗൺസ്മെന്റിന് ഉപയോഗിക്കുന്നത്.

ഒരു ദിവസത്തേക്ക് അയ്യായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് വാടക ഈടാക്കുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ശബ്ദ സംവിധാനം വീണ്ടും സജീവമാകുമെന്ന ആശ്വാസത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ.