ചാലക്കുടി: ഇരു ചേരികളിലും നിന്ന് കൊമ്പുകോർത്തവർ ഏറ്റുമുട്ടുന്ന നഗരസഭ പോട്ടച്ചിറ വാർഡിലെ മത്സരം ക്ലൈമാക്‌സിലേക്ക്. വൈസ് ചെയർമാനായിരുന്ന വിൽസൺ പാണാട്ടുപറമ്പിലും വി.ഒ. പൈലപ്പനുമാണ് ഇവിടെ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയെ ഇറക്കാതെ വിൽസൺ പാണാട്ടുപറമ്പിലിനെ പിന്തുണയ്ക്കുകയാണ് സി.പി.എം.
നഗരസഭയിൽ പ്രതിപക്ഷത്തെ നയിച്ച വി.ഒ. പൈലപ്പനാണ് യു.ഡി.എഫിന്റെ സാരഥി. ഇത്രയേറെ വീറും വാശിയും നിറഞ്ഞ മത്സരം ചാലക്കുടി നിയോജക മണ്ഡലത്തിൽ വേറയുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ ഇരുവരും പോട്ടച്ചിറ വാർഡിൽ തങ്ങളുടെ പ്രവർത്തനത്തിന് തുടക്കമിട്ടു. ഇത് ആറാം തവണയാണ് പൈലപ്പൻ ജനവിധി നേടുന്നത്. തുടർച്ചയായി അഞ്ചു വട്ടവും വിജയക്കൊടിയും പാറിച്ചു.
ആദ്യം സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ചത്, നഗരസഭയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ. എണ്ണൂറിൽ അധികം വോട്ടുകൾക്കായിരുന്നു വിജയം. പക്ഷെ ചെയർമാൻ തിരഞ്ഞുടപ്പിൽ പാർട്ടിയുമായി തെറ്റിപിരിഞ്ഞ പൈലപ്പൻ പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. ചെയർമാനാക്കാമെന്ന ഉറപ്പു ലംഘിച്ചതാണ് താൻ സി.പി.എം വിടാൻ കാരണമെന്ന് അക്കാലത്ത് പൈലപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
തുടർന്നുവന്ന തിരഞ്ഞെടുപ്പുകളിൽ പരിസരത്തെ വാർഡുകളിൽ യു.ഡി.എഫിൽ മത്സരിച്ച് വിജയക്കൊടിയും നാട്ടി. ഇത്തവണയും ജയിക്കുമെന്ന് പൈലപ്പൻ അവകാശപ്പെടുന്നു. രണ്ടുവട്ടം ചെയർമാനുമായി. നഗരസഭാ ഭരണത്തിൽ എക്കാലത്തും ഇടതുപക്ഷത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്ന പൈലപ്പൻ ഇക്കുറി നേരിടുന്നത് ശക്തനായ എതിരാളിയെ. കഴിഞ്ഞ നഗരസഭയുടെ ഉപാദ്ധ്യക്ഷനായി തിളങ്ങിയ വിൽസൺ പാണാട്ടുപറമ്പിൽ മറുപക്ഷത്തെത്തുമ്പോൾ ഫലം എന്താകുമെന്ന് കണ്ടറിയണം.
സമീപത്തെ സെന്റ് ജോസഫ് ചർച്ച് വാർഡിൽ അഞ്ചു വർഷത്തിനുള്ളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ നീണ്ട പട്ടിക പ്രദർശിപ്പിച്ചാണ് വിൽസൺ പാണാട്ടുപറമ്പിലിന്റെ പ്രചാരണം. നഗരസഭാ ഭരണത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നതിന്റെ മുൻ നിരയിലായിരുന്നെന്നും അദ്ദേഹം അവാശപ്പെടുന്നു. യു.ഡി.എഫിന്റെ വോട്ടുകളും തനിക്ക് അനുകൂലമാകുമെന്നാണ് വിൽസൺ പാണാട്ടുപറമ്പിലിന്റെ അവകാശവാദം. എൽ.ഡി.എഫ് സ്ഥാർത്ഥിയില്ലാത്തതും നേട്ടമായി വിൽസൺ പാണാട്ടുപറമ്പിൽ കണക്കുകൂട്ടുന്നു.
പൈലപ്പന് എതിരെ മത്സരിക്കുന്ന തങ്ങളുടെ സ്ഥാനാർത്ഥികൾ ദയനീയമായി പരാജയപ്പെടുന്ന നാണക്കേട് ഒഴിവാക്കുക കൂടി സി.പി.എമ്മിന്റെ ഇത്തവണത്തെ പോട്ടച്ചിറയിലെ നയമാകും. എന്തായാലും രണ്ടു വമ്പൻമാർ നേരിട്ട് ഏറ്റുമുട്ടുന്ന പോട്ടച്ചിറ വാർഡ് നഗരസഭ കണ്ട ഏറ്റവും വാശിയേറിയ മത്സരമാണ്. എൻ.ഡി.എയുടെ സജിത്ത് വൈപ്പിനും മത്സര രംഗത്തുണ്ട്.