ചാലക്കുടി: ഇരുമുന്നണികൾക്കും കനത്ത വെല്ലുവിളി ഉയർത്തി മുൻ കോൺഗ്രസ് നേതാവ് മത്സരിക്കുന്ന നഗരസഭയിലെ ഗായത്രി ആശ്രമം വാർഡും ജനശ്രദ്ധ ആകർഷിക്കുന്നു. നഗസഭയുടെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഐ.എൽ. ആന്റോയുടെ മത്സരമാണ് ഗായത്രി ആശ്രമം വാർഡിനെ വേറിട്ട കാഴ്ചയിലേയ്ക്ക് എത്തിച്ചത്.

ഗവ. താലൂക്ക് ആശുപത്രി കൂടി ഉൾപ്പെടുന്ന വാർഡിൽ നേരത്തെ ഐ.എൽ. ആന്റോയെയാണ് യു.ഡി.എഫ് നേതൃത്വം സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. അദ്ദേഹം പ്രചരണവും തുടങ്ങി. ഇതിനിടെ സ്ഥാനാർത്ഥി മാറുന്നുവെന്ന സൂചന വന്നപ്പോൾ ഇയാൾ പ്രചാരണം അവസാനിപ്പിച്ചു. വീണ്ടും പാർട്ടി ആവശ്യപ്പെട്ട പ്രകാരം പ്രചാരണം ആരംഭിക്കുകയായിരുന്നു.

എന്നാൽ നോമിനേഷൻ സമർപ്പണത്തിന്റെ അവസാന ദിനത്തിലാണ് എ ഗ്രൂപ്പിന് സീറ്റു നൽകിയതിനാൽ മത്സരിക്കേണ്ടെന്ന് നേതൃത്വം നിർദ്ദേശിച്ചത്. ഇതിനിടെ സ്വതന്ത്രൻ എന്ന നിലയിലും പത്രിക നൽകിയ അദ്ദേഹം മത്സരത്തിൽ നിന്നും പിൻമാറിയില്ല. കോൺഗ്രസിലെ അടക്കം നിരവധി പ്രവർത്തകർ ഒപ്പമുള്ള താൻ വിജിയിക്കുമെന്ന് ഐ.എൽ. ആന്റോ പറഞ്ഞു. സി.കെ. പോളാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫിലെ ജോഷി ചിറമേലും സ്വതന്ത്ര സ്ഥാനാർത്ഥിയായി വി.ജെ. ജോജിയും ഇവിടെ മത്സര രംഗത്തുണ്ട്.