പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി നടക്കുന്നത് ശക്തമായ രാഷ്ട്രീയ പോരാട്ടം. സാധാരണ ഗതിയിൽ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ബ്ലോക്ക് സ്ഥാനാർത്ഥിക്കും വോട്ട് അഭ്യർത്ഥിക്കുന്നത് ഒരു ചടങ്ങ് മാത്രമായിരുന്നു. എന്നാൽ ഇക്കുറി ഭരണം നിലനിറുത്താൻ എൽ.ഡി.എഫും
നില മെച്ചെടുത്താൻ യു.ഡി.എഫും അക്കൗണ്ട് തുറക്കാൻ എൻ.ഡി.എയും അരയും തലയും മുറുക്കി രംഗത്തുണ്ട്.

മികച്ച പ്രവർത്തനം കാഴ്ചവച്ച എൽ.ഡി.എഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു. അഞ്ചു വർഷക്കാലം ബ്ലോക്ക് പഞ്ചായത്തിനെ നയിച്ച പ്രസിഡന്റ് ലതി വേണുഗോപാലിന്റെ നേതൃത്വത്തിൽ ജനകീയ പ്രവർത്തകരെ എൽ.ഡി.എഫ് മത്സര രംഗത്തിറക്കിയിട്ടുണ്ട്. യുവജന നേതാവായ പ്രബീഷ്, മഹിളാ നേതാവായ ബിന്ദു സത്യൻ തുടങ്ങിയ പ്രമുഖരെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്.

രണ്ട് മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ പ്രാദേശിയ നേതാക്കന്മാരെ രംഗത്തിറക്കി ബ്ലോക്ക് ഭരണം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം. മണ്ഡലം പ്രസിഡന്റുമാരായ ഒ.ജെ. ഷാജൻ മാസ്റ്റർ, മണികണ്ഠൻ മഞ്ചറമ്പത്ത്, മഹിളാ നേതാവ് ഗ്രേസി ജേക്കബ് എന്നിവരെ പടയ്ക്കിറക്കിയാണ് യു.ഡി.എഫ് ബ്ലോക്ക് പിടിക്കാൻ ശ്രമിക്കുന്നത്.
ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഷൈജൻ നമ്പലത്ത്, യുവമോർച്ച നേതാവ് നിഷാദ് കാമ്പാരൻ എന്നിവരാണ് എൻ.ഡി.എ പ്രമുഖ സ്ഥാനാർത്ഥികൾ.

പ്രബലമായ മൂന്ന് മുന്നണികൾക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കാൻ മൂന്ന് സ്വതന്ത്ര വനിതാ സ്ഥാനാർത്ഥികൾ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ബ്ലോക്ക് ഭരണസമിതിയിൽ യു.ഡി.എഫ് പ്രതിനിധിയായ മിനി ഗിരീഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പാവറട്ടി പഞ്ചായത്തിൽപ്പെട്ട മരുതയൂർ ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന എളവള്ളി ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അദ്ധ്യക്ഷമാരായിരുന്ന രണ്ടു പേർ സ്വതന്ത്രന്മാരായി രംഗത്ത് വന്നിട്ടുണ്ട്. എളവള്ളി ഡിവിഷനിൽ നിന്ന് ടി.ആർ. ലീലയും ചിറ്റാട്ടുകര ഡിവിഷനിൽ നിന്ന് ആലീസ് പോളുമാണ് സ്വതന്ത്രരായി രംഗത്തുള്ളത്.

എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തുകളിലായി 13 ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.

എൽ.ഡി.എഫ് - 10, യു.ഡി.എഫ്- 3