
കൊടുങ്ങല്ലൂർ: ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ വാണി പ്രയാഗിന്റെ ശ്രീനാരായണപുരത്തെ വീടിനുനേരെ ആക്രമണം. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറും ഫ്ലക്‌സ് ബോർഡുകളും തീവച്ചു നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടർ ഏറക്കുറെ പൂർണമായും കത്തിനശിച്ചു.
മറ്റു യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും കത്തിച്ചു. വീട്ടുകാർ ശബ്ദം കേട്ടുണർന്നപ്പോഴേക്കും അക്രമികൾ കടന്നു. തെളിവ് നശിപ്പിക്കാനായി വീട്ടുമുറ്റത്ത് മുളകുപൊടി വിതറിയിരുന്നു.വാണി പ്രയാഗും ഏഴ് വയസുള്ള മകനും വൃദ്ധയായ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു. ആക്രമണത്തിനു പിന്നിൽ ഇടതുപക്ഷക്കാരാണെന്ന് വാണി പ്രയാഗ് ആരോപിച്ചു. നേരത്തെ താൻ നിറുത്തിയ വാർഡിലെ സ്ഥാനാർത്ഥിയെ മത്സരരംഗത്തു നിന്നു പിൻമാറ്റാൻ ഭീഷണിപ്പെടുത്തിയതായി അവർ പറഞ്ഞു. എന്നാൽ അക്രമസംഭവത്തെ എൽ.ഡി.എഫ് നാലാം വാർഡ് കമ്മിറ്റി അപലപിച്ചു. ക്രമസമാധാനാന്തരീക്ഷം തകർക്കുന്ന ഈ സംഭവത്തിനു പിന്നിൽ ഗുഢാലോചനയുണ്ടെന്ന് കമ്മിറ്റി ആരോപിച്ചു.