
തൃശൂർ : തിരഞ്ഞെടുപ്പിനെ വർഗീയവത്കരിച്ച് എൽ.ഡി.എഫിനെ പരാജയപ്പെടുത്താനാണ് യു.ഡി.എഫും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് കോർപറേഷൻ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുമായും വെൽഫെയർ പാർട്ടിയുമായും യു.ഡി.എഫ് പലയിടത്തും സഖ്യത്തിലാണ്. അതിതീവ്ര മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം സമുദായം തിരസ്കരിച്ചതാണ്. യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട എം.എം ഹസൻ ആദ്യം പോയത് ജമാ അത്ത് നേതാവിന്റെ വീട്ടിലേക്കാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ബി.ജെ.പി എന്ന ഒരു വാക്കില്ല. രാഷ്ട്രീയം കൊണ്ട് എൽ.ഡിഎഫിനെ പരാജയപ്പെടുത്താനാവില്ലെന്ന് വന്നപ്പോൾ കേന്ദ്ര ഏജൻസികളെ വച്ച് ശ്രമിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. അഴിമതിക്കേസിൽ രണ്ട് എം.എൽ.എമാർ ജയിലിലായ യു.ഡി.എഫിന് ബദൽ നയം പറയാൻ പറ്റുമോ. ബി.ജെ.പിയുടെ എല്ലാ തെറ്റായ നയങ്ങളോടും മുഖാമുഖം ഏറ്റുമുട്ടിയാണ് പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്. 54 ലക്ഷം കുടുംബങ്ങൾക്കാണ് പെൻഷൻ ലഭിക്കുന്നത്. നിർധനർക്ക് വീടുകൾ നൽകി. കൊവിഡ് ബാധിതർക്ക് സൗജന്യ ചികിത്സ നൽകി. കിഫ്ബിയിലൂടെ നാടിന്റെ മുഖച്ഛായ മാറ്റി. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു.
ജയിച്ചാലും തോറ്റാലും എൻ.ഡി.എ പ്രതിനിധികൾ
ജനങ്ങളുടെ ഇടയിൽ സജീവമായുണ്ടാകും: സുരേഷ് ഗോപി എം.പി
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും എൻ.ഡി.എ പ്രതിനിധികൾ ജനങ്ങളുടെ ഇടയിൽ സജീവ സാന്നിദ്ധ്യമായി ഉണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. തൃശൂർ കോർപറേഷൻ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ കോർപറേഷനിൽ 21 മുതൽ 30 വരെ സീറ്റുകളിൽ ബി.ജെ.പി ജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പ്രവർത്തനം വിലയിരുത്തിയാണ് ജനം വോട്ട് ചെയ്യുക. തങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്നയാൾ പ്രവർത്തിക്കുന്നുണ്ടോയെന്നാണ് ജനം പ്രധാനമായും വിലയിരുത്തുക. ജനപ്രതിനിധികളാകുന്നവർ അക്കാര്യം ഓർക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗം കെ.വി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ രാധാകൃഷ്ണൻ, ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ, മേഖലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് വി.കെ കാർത്തികേയൻ, അയ്യന്തോൾ ഡിവിഷൻ സ്ഥാനാർത്ഥി എൻ. പ്രസാദ് എന്നിവർ സംസാരിച്ചു. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.