
മാള: ഡി.സി.സി പ്രസിഡന്റിന്റെ മലക്കം മറിച്ചിലിൽ മാളയിലെ കോൺഗ്രസിൽ ഔദ്യോഗിക അനൗദ്യോഗിക സ്ഥാനാർത്ഥി തർക്കം പൊടിപൊടിക്കുന്നു. മാള പഞ്ചായത്തിലെ വാർഡ് 14 ൽ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റിന്റെ മാറ്റിമറിച്ചുള്ള കത്ത് പ്രകാരം ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ പാർട്ടി പ്രവർത്തകർ ആശങ്കയിലാണ്. കോൺഗ്രസിലെ എ, ഐ വിഭാഗങ്ങൾ തമ്മിലാണ് ഔദ്യോഗിക- അനൗദ്യോഗിക തർക്കം രൂക്ഷമായത്. കാവനാട് വാർഡ് 14 ൽ സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് ചർച്ച നടന്നിട്ടുള്ളത്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് എങ്ങും തൊടാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. നവംബർ 12 ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ജോഷി കാഞ്ഞൂത്തറയ്ക്ക് ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ച് കത്ത് നൽകി. എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടി അടക്കമുള്ള എ വിഭാഗം നേതാക്കൾ ഇടപെട്ടതോടെ 22 ന് ഡി.സി.സി നേതൃത്വം എ വിഭാഗത്തിലെ സെൻസൻ അറയ്ക്കലിന് ചിഹ്നം അനുവദിച്ച് കത്ത് നൽകി. ഇതോടെ രണ്ട് കൈപ്പത്തികൾ വരണാധികാരിക്ക് മുന്നിലെത്തിയതോടെ അവസാനം നൽകിയ കത്തിനെ ഔദ്യോഗികമായി വരണാധികാരി പ്രഖ്യാപിച്ചു. അങ്ങനെ സെൻസൻ അറയ്ക്കലിനായി ചിഹ്നം. എന്നാൽ പിറ്റേന്ന് ഡി.സി.സി പ്രസിഡന്റ് വീണ്ടും നിലപാട് മാറ്റി ജോഷി കാഞ്ഞൂത്തറയെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കി കത്ത് നൽകി. സെൻസനെ ഒഴിവാക്കിയെന്നുമാണ് എം.പി വിൻസെന്റിന്റെ കത്ത്. ഇപ്പോൾ ഇരു വിഭാഗവും ഔദ്യോഗിക സ്ഥാനാർത്ഥി തങ്ങളാണെന്ന വാദവുമായി പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സെൻസൻ അറയ്ക്കൽ കൈപ്പത്തി ചിഹ്നത്തിലും ജോഷി കാഞ്ഞൂത്തറ കുടം ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്. എ വിഭാഗക്കാർ ചോദിച്ചാൽ സെൻസനാണ് ഔദ്യോഗികമെന്നും ഐ വിഭാഗക്കാർ ചോദിച്ചാൽ ജോഷി കാഞ്ഞൂത്തറയാണ് ഒറിജിനലെന്നും ഡി.സി.സി നേതൃത്വം നിലപാട് സ്വീകരിക്കുന്ന നിലയിലാണ് കാര്യങ്ങൾ.
സ്ഥാനാർത്ഥിക്കെതിരെ അക്രമം:
ചെന്നിത്തല പ്രതിഷേധിച്ചു
തൃശൂർ: കയ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ വീടാക്രമിച്ച് സ്കൂട്ടർ കത്തിക്കുകയും, കൊലവിളി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. പരാജയ ഭീതിയിൽ സി.പി.എം നേതൃത്വം ജില്ലയിലാകെ അക്രമം അഴിച്ചുവിടുകയാണെന്നും വാണിയും അവരുടെ പിഞ്ചുകുട്ടിയും കിടന്നുറങ്ങുന്ന മുറിക്ക് സമീപത്താണ് അക്രമികൾ സ്കൂട്ടറിന് തീ കൊടുത്തതെന്നും അതിന് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് യു.ഡി.എഫ് കരിദിനം
കയ്പമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിനെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ യു.ഡി.എഫ് കരിദിനം ആചരിക്കുമെന്ന് ചെയർമാൻ ജോസഫ് ചാലിശേരി അറിയിച്ചു.