 
തൃശൂർ: കോലാഹലങ്ങൾക്ക് അവധി നൽകി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ തിരശീല വീഴുമ്പോൾ, ഗ്രാമങ്ങളിലും നഗരങ്ങളിലും മത്സരം കടുപ്പം. രൂപീകരിച്ച ശേഷം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണമത്സരമാണ് തൃശൂർ കോർപറേഷനിൽ നടക്കുന്നത്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും 'പൂരക്കൊടി" നാട്ടാനുളള പോരിലാണ് മൂന്നു മുന്നണികളും. ചില ബ്ളോക്ക് - ഗ്രാമപഞ്ചായത്തുകളിലും മത്സരം കടുപ്പമാണ്.
ലീഡറുടെ തട്ടകമെന്ന വിശേഷണത്തിനപ്പുറം കോൺഗ്രസ് വളർന്നു. അതുക്കുംമേലെ ഇടതുപക്ഷവും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും കരുത്താർജ്ജിച്ചതിന്റെ നേർക്കാഴ്ചയാണ് കാണുന്നത്. 2010ൽ 46 അംഗങ്ങളുമായി യു.ഡി.എഫ് ഭരിച്ച കോർപറേഷനിൽ, 2015 ൽ കോൺഗ്രസിനേറ്റത് വൻ തിരിച്ചടിയായിരുന്നു. 21 അംഗങ്ങളുമായി തടിതപ്പി. ഇടതുപക്ഷം ആറിൽ നിന്ന് 25 സീറ്റ് നേടി ഭരണത്തിലേറി.
ഭരണം പാതിപിന്നിടുമ്പോഴേക്കും, പ്രതിപക്ഷ നിരയിൽ നിന്നുള്ളവരുമെത്തി കൂട്ടിന്. രണ്ട് അംഗങ്ങളിൽ നിന്ന് ബി.ജെ.പിക്ക് ആറ് പേരായി. കഴിഞ്ഞ നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെ കണക്കാക്കേണ്ടതില്ലെന്നാണ് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. 55 ഡിവിഷനുകളുള്ളതിൽ 54 ൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടത് സ്ഥാനാർത്ഥി എം.കെ. മുകുന്ദന്റെ മരണത്തെ തുടർന്ന് പുല്ലഴി ഡിവിഷനിലെ മത്സരം മാറ്റിയിട്ടുണ്ട്.
 ജില്ലാപഞ്ചായത്ത്
ജില്ലാപഞ്ചായത്തിൽ ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് പൊരുതുമ്പോൾ തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. 20 അംഗങ്ങളായിരുന്നു എൽ.ഡി.എഫിന്. യു.ഡി.എഫിന് ഒമ്പതും. അട്ടിമറിക്കുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.
 നഗരസഭകൾ
ഏഴ് നഗരസഭകളിൽ ആറും ഇടതുപക്ഷത്തിന്റെ കൈവശമായിരുന്നെങ്കിലും കാറ്റ് മാറി വീശിത്തുടങ്ങി. അതുപോലത്തന്നെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളും. അവിണിശേരിയിൽ നിന്ന് കൂടുതൽ പഞ്ചായത്തുകൾ പിടിക്കാനാണ് എൻ.ഡി.എയുടെ പ്രയത്നം.
 അവസാനലാപ്പിലും മൂർച്ചകൂട്ടി
നഗരത്തിലെ വടക്കെ ഹൈടെക്ക് ബസ് സ്റ്റാൻഡ്, ദിവാൻജിമൂല മേൽപ്പാലം, പട്ടാളം റോഡ് തുടങ്ങിയ പദ്ധതികളും സംസ്ഥാന സർക്കാരിന്റെ വികസനങ്ങളും ആവർത്തിച്ചാണ് ഇടതുമുന്നണി പ്രചാരണത്തിന് പര്യവസാനം കുറിച്ചത്. കോർപറേഷന്റെ തണുപ്പൻ സമീപനങ്ങളും സ്വർണക്കടത്തും, ബിനീഷ് കോടിയേരി- ലൈഫ് മിഷൻ വിവാദവും, ശബരിമല പ്രശ്നവുമെല്ലാമാണ് യു.ഡി.എഫും എൻ.ഡി.എയും വിളിച്ചുപറയുന്നത്. കേന്ദ്രസർക്കാരിന്റെ ജനോപകാരനടപടികളും എൻ.ഡി.എ എണ്ണിയെണ്ണിപ്പറയുന്നു.