 
തൃശൂർ: കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി ഏർപ്പെടുത്തിയ ക്വാറന്റൈൻ വോട്ടിൽ വ്യാപക കൃത്രിമം നടത്തുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്. വോട്ടിലെ കൃത്രിമം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് സ്ഥാനാർത്ഥിയോ, സ്ഥാനാർത്ഥി നിയോഗിക്കുന്ന ഏജന്റിന്റെയോ സാന്നിദ്ധ്യത്തിലാകണമെന്നാണ് നിർദ്ദേശം. എന്നാൽ ഇടതുപക്ഷ ഉദ്യോഗസ്ഥർ ഈ ചട്ടം കാറ്റിൽപ്പറത്തുകയാണ്. സീലോ, മറ്റ് ഔദ്യോഗിക അടയാളങ്ങളോ ഇല്ലാത്ത വെറും വെള്ളപേപ്പറിലാണ് വോട്ട് രേഖപ്പെടുത്തി വാങ്ങിക്കുന്നത്. ഇത് വ്യാപകമായി നടക്കുകയാണ്.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും സമാനമായ പരാതികളുയർന്നിട്ടുണ്ട്. പരാജയ ഭയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. ക്വാറന്റൈൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി. വിൻസെന്റ് ആവശ്യപ്പെട്ടു.