 
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ മൂന്നിൽ രണ്ട് ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിലും നിലനിറുത്തുമെന്ന് ടി.എൻ പ്രതാപൻ എം.പി. എന്നാൽ, തൃശൂരിൽ എൽ.ഡി.എഫ് തൂത്തുവാരുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. പ്രസ് ക്ലബിന്റെ 'തദ്ദേശപ്പോര് 2020' മുഖാമുഖത്തിലാണ് ഇരുമുന്നണി നേതാക്കളും അവസാനലാപ്പിലെ പ്രതീക്ഷകൾ പങ്കുവെച്ചത്.
എൽ.ഡി.എഫ് സർക്കാരിന്റെ വികസനം വലിയ സ്വീകാര്യതയുണ്ടാക്കിയെന്ന് സുനിൽ കുമാർ പറഞ്ഞു. സർക്കാർ ചെയ്യേണ്ടതായ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുവെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ടുകൾ യഥാസമയം നൽകി. ക്ഷേമപെൻഷൻ 1400 രൂപയാക്കി ഉയർത്തി. 19 മാസത്തെ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർത്തു. ക്ഷേമപെൻഷനുകൾ 60 ലക്ഷം കുടുംബങ്ങളിലേക്കെത്തിച്ചു. ലൈഫ് പദ്ധതിയിലൂടെ നിരവധി കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി.
എൽ.ഡി.എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട ഫണ്ടുകൾ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നൽകാതെ വികസന മുരടിപ്പ് ഉണ്ടാക്കുകയായിരുന്നുവെന്ന് പ്രതാപൻ പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ ഫണ്ട് നൽകി. ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ഇ.ഡി അന്വേഷണം നടത്തുകയാണ്. തൃശൂർ കോർപറേഷനിലും ഗുരുവായൂർ മുൻസിപ്പാലിറ്റിയിലും വൈകാതെ ഇ.ഡിയെത്തും. തൃശൂർ കോർപറേഷനിൽ പിൻസീറ്റ് ഭരണം നടത്തിയവരുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ആസ്തി വർദ്ധനയും ഇ.ഡി പരിശോധിച്ചേക്കും.
തൃശൂർ കോർപ്പറേഷനിൽ 32 സീറ്റെങ്കിലും എൽ.ഡി.എഫ് നേടും. ബി.ജെ.പിയുടെ സ്വപ്‌നം തൃശൂർ പട്ടണത്തിൽ പൂവണിയാൻ പോകുന്നില്ല. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളിൽ നിന്ന് എൽ.ഡി.എഫ് പിറകോട്ട് പോകില്ല.
മന്ത്രി വി.എസ് സുനിൽ കുമാർ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലെത്തും. കോർപറേഷൻ പരിധിയിൽ മാത്രം 24,558 വോട്ടിന്റെ ലീഡ്. കോർപറേഷനിൽ 46 സീറ്റെങ്കിലും കിട്ടും. ഗുരുവായൂർ മുൻസിപ്പാലിറ്റി വൻഭൂരിപക്ഷത്തിൽ നേടും. ജില്ലയിലെ ഒരു നഗരസഭ ഒഴികെ തിരിച്ചുപിടിക്കും. 16 ൽ 12 ബ്ലോക്ക് പഞ്ചായത്തുകളും നേടും. 86 പഞ്ചായത്തുകളിൽ 52 ഉം നേടും. ബി.ജെ.പി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്ത് തിരിച്ചുപിടിക്കും.
ടി.എൻ പ്രതാപൻ എം.പി
ബി.ജെ.പി - എൽ.ഡി.എഫ് അന്തർധാര സജീവമെന്ന് പ്രതാപൻ :
യു.ഡി.എഫും വെൽഫെയർ പാർട്ടിയും തമ്മിലെന്ന് സുനിൽ കുമാർ
കോർപറേഷനിൽ ബി.ജെ.പി - എൽ.ഡി.എഫ് അന്തർധാര സജീവമാണെന്ന് പ്രതാപൻ ആരോപിക്കുമ്പോൾ, അന്തർധാര യു.ഡി.എഫും വെൽഫെയർ പാർട്ടിയും തമ്മിലെന്നായിരുന്നു സുനിൽ കുമാറിന്റെ മറുപടി. തിരഞ്ഞെടുപ്പ് വേളയിലല്ലാ ഭൂരിപക്ഷം നഷ്ടപ്പെട്ട സമയം മുതലാണ് എൽ.ഡി.എഫ് - ബി.ജെ.പി അന്തർധാരയുണ്ടായത്. പല വാർഡുകളിലും ദുർബലരായ സ്ഥാനാർത്ഥികളെ നിറുത്തി എൽ.ഡി.എഫ്, ബി.ജെ.പിയെയും സഹായിക്കുന്നുണ്ട്. തൃശൂരിന്റെ മതനിരപേക്ഷ പാരമ്പര്യം അതിന് മറുപടി നൽകുമെന്നും പ്രതാപൻ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് കബളിപ്പിക്കുകയാണ് യു.ഡി.എഫെന്നും താത്കാലിക ലാഭത്തിനായി കോൺഗ്രസ് ഇത്തരം നിലപാടെടുക്കുന്നത് ദൗർഭാഗ്യകരമാണെന്നും സുനിൽ കുമാർ കുറ്റപ്പെടുത്തി.