തൃശൂർ: ചിമ്മിനി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകളും 7.5 സെന്റീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കുന്നതിന് കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. കാർഷിക ആവശ്യങ്ങൾക്ക് ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്ന സ്‌ളൂയിസ് വാൽവ് തുറക്കാൻ സാധിക്കുന്നില്ലെന്നും കോൾ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തരമായി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നു വിടണമെന്നുമുള്ള ഡാം അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കളക്ടർ ഉത്തരവിട്ടത്.
ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതുമൂലം കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് 30 സെന്റീമീറ്റർ വരെ ഉയരാനും വെള്ളം കലങ്ങുവാനും സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പോലുള്ള പ്രവൃത്തികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.