തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് മൂന്നാം വാർഡിൽ സി.പി.ഐയ്ക്ക് ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. സ്ഥാനാർത്ഥി സീനാ കണ്ണന്റെ വിജയത്തിനായി മന്ത്രി മുതൽ മുൻ മന്ത്രി വരെയുള്ള സംസ്ഥാന നേതാക്കൾ വോട്ടഭ്യർത്ഥനയുമായി വാർഡിലെത്തി. സി.പി.ഐ തുടർച്ചയായി വിജയിക്കുന്ന ഒരേയൊരു സീറ്റാണിത്.
ഈ തിരഞ്ഞെടുപ്പിൽ പ്രാദേശിക നേതൃത്വം പാർട്ടി കുടുംബാംഗമായ വർണ്ണ കെ മധുവിനെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. എന്നാൽ സി.പി.ഐ മണ്ഡലം കമ്മറ്റി മഹിളാസംഘം നേതാവായ സീന കണ്ണനെ പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിയിൽ പ്രവർത്തകർ ഇരുവിഭാഗങ്ങളായി ചേരി തിരിഞ്ഞു. തുടർച്ചയായി രണ്ട് തവണ വാർഡിനെ പ്രതിനിധീകരിച്ച ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണവേണി പ്രമോദടക്കമുള്ള നേതാക്കൾ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു. പ്രാദേശിക നേതൃത്വം സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച വർണ്ണ കെ മധു സ്വതന്ത്ര സ്ഥാനാർത്ഥിയുമായി. ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, ഗീതാഗോപി എം.എൽ.എ, മുൻ മന്ത്രി കെ.പി രാജേന്ദ്രൻ തുടങ്ങിയവർ വോട്ടഭ്യർത്ഥനയുമായി വാർഡിലെത്തിയത്.
പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഔദ്യോഗിക സ്ഥാനാർത്ഥിക്കായി രംഗത്തിറങ്ങാത്തത് സി.പി.ഐ നേത്യത്വത്തെ വെട്ടിലാക്കി. വർണ്ണ കെ മധുവിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ എൽ.ഡി.എഫ് കമ്മിറ്റിയുടേതായി വന്ന അച്ചടി പിശകിനെതിരെ സി.പി.ഐ നേതൃത്വം പരാതിയും നൽകി.