 
തൃശൂർ: കൊവിഡ് കാലത്ത് കോർപറേഷൻ പരിധിയിൽ ഡിവിഷൻ തലങ്ങളിൽ ഒതുക്കി കൊട്ടിക്കലാശം. ഓരോ സ്ഥാനാർത്ഥികളുടെയും കൊട്ടിക്കലാശങ്ങളിൽ നൂറോളം പേർ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാനാർത്ഥികളെ മുന്നിൽ നിറുത്തി കൊടികളും പ്ലക്കാർഡുകളും വാദ്യമേളങ്ങളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഏഴു മുതൽ തന്നെ വാർഡ് തലങ്ങളിൽ മൈക്ക് പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞ് ഉത്സവ പ്രതീതി ഉണർത്തി. മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസമാണ് ശബ്ദപ്രചാരണം അവസാനിച്ചപ്പോൾ പ്രകടിപ്പിക്കുന്നത്.
കോൺഗ്രസ് മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന രാജൻ പല്ലൻ മത്സരിക്കുന്ന ഗാന്ധിനഗർ ഉൾപ്പെടെയുള്ള ഡിവിഷനുകളിൽ പ്രകടനം നടന്നു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രകടനം അഞ്ചോടെ സമാപിച്ചു. 55 ഡിവിഷനുകളിലും ശബ്ദ പ്രചാരണം അവസാനിക്കുന്ന സമയങ്ങളിൽ സ്ഥാനാർത്ഥികൾ റോഡ് ഷോകളിൽ പങ്കെടുത്ത് പ്രവർത്തകർക്ക് ആവേശം പകർന്നു. യു.ഡി.എഫ് താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, എം.എം. ഹസൻ എന്നിവരെ കളത്തിൽ ഇറക്കി ആവേശം വിതറി.
പ്രചാരണത്തിന് സമാപനം കുറിച്ച് എൻ.ഡി.എ ഡിവിഷൻ തലങ്ങളിൽ കലാശക്കൊട്ട് ഒരുക്കി. 55 ഡിവിഷനുകളിലും ശക്തമായ പ്രചാരണമാണ് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടന്നത്. തേക്കിൻകാട് ഡിവിഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, സ്ഥാനാർത്ഥി പൂർണ്ണിമ സുരേഷ് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സ്വരാജ് റൗണ്ട് ചുറ്റി ജില്ലാ ഓഫീസിന് മുന്നിൽ സമാപിച്ചു. സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശം പകർന്ന് നിരവധി നേതാക്കളാണ് ജില്ലയിലെത്തിയത്. എൻ.ഡി.എ കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.പി സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, കുമ്മനം, പി.കെ. കൃഷ്ണദാസ്, സി. സദാനന്ദൻ, എം.ടി രമേശ്, ജോർജ് കുര്യൻ തുടങ്ങി പ്രമുഖരെ കളത്തിൽ ഇറക്കിയിരുന്നു.
ഭരണം നിലനിറുത്താനുള്ള പോരാട്ടത്തിൽ ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. ഇന്നലെ വൈകീട്ട് മൂന്ന് മുതൽ ഡിവിഷൻ തലങ്ങളിൽ ആരംഭിച്ച പ്രകടനം അഞ്ചിന് സമാപിച്ചു. കോർപറേഷനിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എം.കെ കണ്ണൻ പറഞ്ഞു. പ്രമുഖ സ്ഥാനാർത്ഥികളായ പി.കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മന്ത്രി എ.സി. മൊയ്തീനുമായിരുന്നു പ്രചാരണത്തിനെത്തിയത്. കൂടാതെ മന്ത്രി വി. എസ്. സുനിൽ കുമാർ, ബേബി ജോൺ, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എന്നിവരും രംഗത്ത് ഇറങ്ങി.