election

തൃശൂർ: വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് പോകും മുൻപ് അവസാന വട്ടം കൂടി എത്തി വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളും മുന്നണി പ്രവർത്തകരും നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിലെ എല്ലാ വാർഡുകളിലും പ്രവർത്തനം ആരംഭിച്ചു. ഇന്ന് സ്ഥാനാർഥികൾക്കെതിരെ വ്യക്തിഹത്യകളോ നോട്ടീസുകളോ പുറത്തിറക്കാൻ പാടില്ലെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ കൊട്ടി കലാശം വളരെ ലളിതമായിട്ടായിരുന്നു എല്ലാവരും നടത്തിയത്. ശബ്ദ പ്രചാരണം ഇന്നലെ അവസാനിച്ചപ്പോൾ മൂന്നു മുന്നണികളും ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എ യും മികച്ച വിജയം നേടുമെന്ന് അവകാശപ്പെടുന്നുണ്ട്. പ്രചാരണ സമാപനത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പൊലീസ് എല്ലാ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.

പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം തുടങ്ങി. അതാതു പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി മറ്റു ഉദ്യോഗസ്ഥർക്ക് ഒപ്പം പോളിംഗ് സ്റ്റേഷനുകളിൽ എത്തിതുടങ്ങി.

ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഉള്ള മാർഗ നിർദ്ദേശങ്ങൾ ജില്ലാ വരണാധികാരി പുറപ്പെടുവിപ്പിച്ചിരുന്നു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം

വോട്ടു ചെയ്യാൻ എത്തുന്നവർ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഡി. എം. ഒ കെ. ജെ. റീന ആവശ്യപ്പെട്ടു.

ഒരുക്കങ്ങൾ പൂർത്തിയായി

തിരഞ്ഞെടുപ്പിന്റെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ഇന്നലെ അഞ്ചു ജില്ലകളിൽ നടന്ന തിരഞ്ഞെടുപ്പകളിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ഉള്ള ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എസ്. ഷാനവാസ്‌, ജില്ലാ കളക്ടർ