election

തൃശൂർ: നിശബ്ദമായി അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലും കഴിഞ്ഞു; വിധിയെഴുതാൻ ഇന്ന് ബൂത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കി കഴിഞ്ഞു. പോളിംഗ് സാമഗ്രികൾ ഇന്നലെ രാവിലെ മുതൽ തന്നെ വിതരണം തുടങ്ങി. പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി മറ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പം പോളിംഗ് സ്റ്റേഷനുകളിലുമെത്തി.

ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഉള്ള മാർഗ നിർദ്ദേശങ്ങൾ ജില്ലാ വരണാധികാരി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിൽ നടന്ന തിരഞ്ഞെടുപ്പകളിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ഉള്ള ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നതെന്നും ആൾക്കൂട്ടം ഒഴിവാക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ എസ്. ഷാനവാസ്‌ വ്യക്തമാക്കി. വോട്ടു ചെയ്യാൻ എത്തുന്നവർ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓരോ വോട്ടും സ്വന്തം പേരിൽ വീഴ്ത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലായിരുന്നു സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും. പ്രചാരണം അവസാനിക്കുമ്പോൾ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ആദ്യഘട്ടത്തിലേതിന് സമാനമായ തരത്തിൽ മികച്ച പോളിംഗ് രണ്ടാം ഘട്ടത്തിലുമുണ്ടാകുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ഒരുവോട്ട് പോലും നഷ്ടമാകരുതെന്ന് ഉറപ്പിച്ച് നിശബ്ദ പ്രചാരണത്തെ സജീവമാക്കുകയായിരുന്നു സ്ഥാനാർത്ഥികൾ.

ക്രിസ്മസ്- പുതുവത്സരകാർഡുകളുമായി

സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നങ്ങളും പതിച്ച ക്രിസ്മസ്- പുതുവത്സര ആശംസാകാർഡുകളുമായാണ് ഇന്നലെ ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളും സംഘവുമെത്തിയത്. പരസ്യ പ്രചാരണം പാടില്ലാത്തതിനാൽ വോട്ടർമാരെ നേരിട്ടു കണ്ട് അവസാനവട്ട അഭ്യർത്ഥനയും നടത്തി. പ്രചാരണത്തിൽ ആദ്യം മുതൽ പുലർത്തിയ ആവേശം നിലനിറുത്താനുളള പാച്ചിലിലായിരുന്നു നേതാക്കൾ. മൂന്നു തവണ ഭവനസന്ദർശനം നടത്തിയിട്ടും കാണാൻ കഴിയാതിരുന്ന വോട്ടർമാർ കണ്ടെത്തി, അഭ്യർത്ഥന നടത്തുമ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കളക്ടർ നിർദേശിച്ചതോടെ പ്രചാരണം ശാന്തമായിരുന്നു.

അതിർത്തിയിൽ പരിശോധന

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ- പാലക്കാട് ജില്ലാതിർത്തിയിൽ വാഹന പരിശോധനയുമായി പൊലീസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ്. തണത്ര പാലത്തിനടുത്താണ് പാലക്കാട് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ടി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്. 18 അംഗങ്ങളാണ് ഫോഴ്‌സിനു വേണ്ടി തൃശൂർ- പാലക്കാട് ജില്ലകളിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇരുചക്ര വാഹനം മുതൽ ഹെവി വാഹനങ്ങൾ വരെ പരിശോധനയ്ക്കു വിധേയമാക്കി. ലഹരി വസ്തുക്കൾ കൊണ്ടു പോകൽ, പണം കടത്തൽ തുടങ്ങിയവ പരിശോധിക്കാനായിരുന്നു പൊലീസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ജില്ലാ അതിർത്തിയിൽ നിലയുറപ്പിച്ചത്.